പാലക്കാട് നഗരസഭയുടെ മാസ്റ്റര്‍ പ്ളാന്‍ കരട് വീണ്ടും സര്‍ക്കാറിന് സമര്‍പ്പിക്കും

പാലക്കാട്: 2003ല്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ളാനിന്‍െറ കരട് സെക്രട്ടേറിയറ്റില്‍നിന്ന് നഷ്ടപ്പെട്ടതിനാല്‍ അന്നത്തെ മാസ്റ്റര്‍ പ്ളാനിന്‍െറ പകര്‍പ്പ് വീണ്ടും സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ദ്രവിച്ചുനില്‍ക്കുന്ന പാലക്കാട് മുന്‍സിപ്പില്‍ ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും പൊളിച്ച് ആധുനിക സംവിധാനങ്ങളോടെ നവീകരിക്കും. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് നവീകരണത്തിന്‍െറ രണ്ടാംഘട്ടം വിശാലമായ പാര്‍ക്കിങ് സംവിധാനങ്ങളോടെ സമീപത്തെ നഗരസഭാ സ്ഥലമുപയോഗപ്പെടുത്തി നവീകരിക്കും. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിന് സമീപത്തെ അനാവശ്യ പാര്‍ക്കിങ് കേന്ദ്രങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ക്രിയാത്മക നടപടി സ്വീകരിക്കും. സ്റ്റേഡിയം ബൈപാസ് റോഡ് നവീകരണത്തിനായി സ്ഥലം വിട്ടുനല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ബുധനാഴ്ച നഗരസഭാ പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേരും. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് പുതിയ കെട്ടിട പെര്‍മിറ്റുകള്‍ അനുവദിക്കില്ല. പാലക്കാട് നഗരസഭാ പരിധിയിലെ പാര്‍ക്കിങ് ഏരിയകളും കാല്‍നടയാത്രക്ക് തടസ്സമാകുന്ന രീതിയിലും നിര്‍മിച്ച കെട്ടിടങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിക്കാനും കൈയേറ്റത്തിന് പിഴ ഈടാക്കാനും തീരുമാനിച്ചു. നഗരസഭാ യോഗ തീരുമാനങ്ങള്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ യോഗങ്ങളിലും റിവ്യൂ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചു. നഗരസഭാ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഗ്രൗണ്ടുകളും താല്‍ക്കാലികാടിസ്ഥാനത്തില്‍ എക്സിബിഷനുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ മത്സരങ്ങള്‍ക്കോ നല്‍കുന്നത് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. നഗരസഭാ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ തടസ്സമാകുന്നതിനാലും 2003ലെ മാസ്റ്റര്‍ പ്ളാന്‍ സെക്രട്ടേറിയറ്റിലെ എല്‍.എസ്.ജി.ഡി വകുപ്പ് ഓഫിസില്‍ ലഭ്യമല്ലാത്തതിനാലുമാണ് 2003ലെ കരട് മാസ്റ്റര്‍ പ്ളാന്‍ വീണ്ടും സര്‍ക്കാറിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. കുമാരി, പി.ജി. രാമദാസ്, പി. സാബു, ഭവദാസ്, മധു, നടേശന്‍, രാജേശ്വരി ജയപ്രകാശ്, ചെമ്പകം, എസ്.പി. രഘുനന്ദനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.