ജനകീയ വികസനം ഊര്‍ജിതമാക്കാന്‍ പദ്ധതിയായി

മണ്ണാര്‍ക്കാട്: നഗര സമഗ്ര വികസനത്തിന് നടപ്പാക്കുന്ന ഓപറേഷന്‍ അനന്തക്ക് ജനകീയ സഹായം ലഭ്യമാക്കാന്‍ പദ്ധതിക്ക് രൂപം നല്‍കി. മണ്ണാര്‍ക്കാട് നഗര വികസന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് ഫണ്ട് കണ്ടത്തൊനുള്ള ശ്രമം നടത്തുക. ബുധനാഴ്ച വൈകീട്ട് മൂന്നിന് മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഫണ്ട് സ്വരൂപിക്കാന്‍ ജനകീയ പ്രചാരണം നടത്തും. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കില്‍ ഓപറേഷന്‍ അനന്തയുടെ പേരില്‍ സ്പെഷല്‍ എസ്.ബി അക്കൗണ്ട് 100 എന്ന ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. പ്രവാസികളില്‍നിന്നുള്ള സംഭാവനകള്‍ക്ക് ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കും. സംസ്ഥാനത്തിന് മാതൃകയാകുന്ന തരത്തില്‍ മണ്ണാര്‍ക്കാട് മോഡല്‍ ജനകീയ വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാവര്‍ക്കും പരിശോധിക്കാന്‍ ഇ-പാസ് ബുക്ക് സംവിധാനം ഏര്‍പ്പെടുത്തും. കമ്മിറ്റിയുടെ യോഗം എല്ലാ ശനിയാഴ്ചകളിലും നടത്താന്‍ ധാരണയായി. അനന്തയുടെ ഭാഗമായി നഗരത്തിലെ ബസ്സ്റ്റോപ്പുകള്‍ ക്രമീകരിക്കാനും ഓട്ടോസ്റ്റാന്‍ഡുകള്‍ ക്രമപ്പെടുത്താനും അടിയന്തരമായി ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ചേരാനും തീരുമാനിച്ചു. പച്ചക്കറി മാര്‍ക്കറ്റിലെ പഴക്കം ചെന്ന വില്ളേജ് ഓഫിസ് പൊളിച്ച് മാറ്റി ഓട്ടോസ്റ്റാന്‍ഡ് സ്ഥാപിക്കാനും സ്ഥലം റോഡ് വികസനത്തിന് ഉപയോഗിക്കാന്‍ സാധ്യതകള്‍ ആരായാനും യോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ എം.കെ. സുബൈദയെ ചുമതലപ്പെടുത്തി. നഗര വികസനത്തിന് സ്വയം സ്ഥലം വിട്ടുകൊടുത്ത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നഗരസഭയുടെ എന്‍ജിനീയര്‍ വിഭാഗത്തിന്‍െറ സേവനം ലഭ്യമാക്കാന്‍ യോഗത്തില്‍ ധാരണയായി. ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവയെ പദ്ധതിയില്‍ സഹകരിപ്പിക്കാനും ഓപറേഷന്‍ അനന്തയുടെ ഭാഗമായി രൂപികരിച്ച മണ്ണാര്‍ക്കാട് നഗര വികസന കമ്മിറ്റി (എം.ടി.ഡി.സി) യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, കമ്മിറ്റി കണ്‍വീനര്‍ എം. പുരുഷോത്തമന്‍, ട്രഷറര്‍ ബാസിത്ത്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.എ. വിഭൂഷണന്‍ കമ്മിറ്റി അംഗങ്ങളായ എം.കെ. അബ്ദുറഹ്മാന്‍, മജീദ്, രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.