ഡാമിലെ അനധികൃത മണലെടുപ്പ് നിര്‍ത്തി

പാലക്കാട്: സര്‍ക്കാര്‍ ഏജന്‍സിയായ കെംഡെല്ലിന്‍െറ പേരില്‍ മലമ്പുഴ അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശങ്ങളില്‍നിന്ന് അനധികൃതമായി മണല്‍ ഖനനം ചെയ്യുന്നത് നിര്‍ത്തി വെക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനോടൊപ്പം ചുള്ളിയാര്‍, വാളയാര്‍ ഡാമുകളിലെ മണലെടുപ്പും നിര്‍ത്തി വെക്കും. അണക്കെട്ടില്‍ കെംഡെല്‍ ശേഖരിച്ചുവെച്ച മണലെന്ന പേരില്‍ കഴിഞ്ഞ ആഴ്ച മണല്‍ ലോബി ഡാമിനകത്തെ വലിയകാട് മായപ്പാറതോട് ഭാഗത്ത് നിന്ന് മണല്‍ ഖനനം നടത്തി വരികയായിരുന്നു. ഇവിടെ നിന്ന് ലോഡ് കണക്കിന് മണല്‍ കോഴിക്കോടുള്ള ഫ്ളാറ്റ് ലോബികള്‍ക്കായി കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കെംഡെല്ലിന് വേണ്ടി മണല്‍ ഖനനം നടത്തുന്നുവെന്ന് ജില്ലാ കലക്ടറുടെ ഓഫിസിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഖനനം. ഡാമിനകത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചതിന് ശേഷം മണല്‍ ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്. കോര്‍ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് കെംഡെല്ലിനുവേണ്ടി മണല്‍ ശേഖരിക്കുന്ന കരാറുകാരന്‍ മണല്‍ ഖനനം വീണ്ടും തുടങ്ങിയത്. 61,000 ക്യൂബിക് മീറ്റര്‍ മണല്‍ ഡാമില്‍നിന്ന് നീക്കം ചെയ്യാനുണ്ടെന്നാണ് കോര്‍ കമ്മറ്റിയെ അറിയിച്ചിരുന്നത്. എന്നാല്‍, 2000 ക്യൂബിക് മീറ്ററില്‍ താഴെ മണല്‍ മാത്രമേയുള്ളൂവെന്നാണ് ജലസേചന വകുപ്പധികൃതര്‍ പറയുന്നത്. ഡാമില്‍ നിന്ന് അനധികൃത മണല്‍ ഖനനം നടത്തുന്നതിനെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോര്‍ കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അനധികൃതമായി ഡാമില്‍ നിന്ന് മണല്‍ ഖനനം നടത്തിയതിനെ കുറിച്ച് സര്‍ക്കാര്‍ ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തണമെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.