കടപ്പാറ ആദിവാസി ഭൂസമരം ശക്തമാകുന്നു

മംഗലംഡാം: ഭൂമി നല്‍കണമെന്ന ആവശ്യവുമായി കടപ്പാറ മൂര്‍ത്തിക്കുന്ന് വനത്തില്‍ ഷെഡ് കെട്ടി സമരം നടത്തുന്ന മൂര്‍ത്തിക്കുന്ന് കോളനിയിലെ ആദിവാസികളുമായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി നടത്തിയ ചര്‍ച്ച വിജയിച്ചില്ല. ബുധനാഴ്ച വൈകീട്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം ആദിവാസികളുമായി ചര്‍ച്ചക്ക് എത്തിയത്. സമരക്കാര്‍ക്കൊപ്പം ഇരുന്ന് അര മണിക്കൂറോളം കലക്ടര്‍ ചര്‍ച്ച നടത്തി. ഭൂമി നല്‍കുന്നതിന് സാവകാശം വേണമെന്നും സമരം അവസാനിപ്പിക്കണമെന്നുമായിരുന്നു കലക്ടറുടെ നിര്‍ദേശം. ഇത് ആദിവാസികള്‍ അംഗീകരിച്ചില്ല. വനഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഭൂമി വിതരണം ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് കോളനി വാസികള്‍ വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ രണ്ട് ദിവസത്തിനകം വനഭൂമിയില്‍ കൂടുതല്‍ കുടിലുകള്‍ കെട്ടി സമരം ശക്തമാക്കുമെന്ന് ആദിവാസികള്‍ പറഞ്ഞു. സമരവുമായി മുന്നോട്ടുപോയാല്‍ വനഭൂമി കൈയേറിയതിനും വനത്തിലെ മരംമുറിച്ച് നശിപ്പിച്ചതിനും നടപടി എടുക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പട്ടികവര്‍ഗ മഹാസഭ യൂനിറ്റ് പ്രസിഡന്‍റ് സി. വേലായുധന്‍, സെക്രട്ടറി വി. മണികണ്ഠന്‍, ട്രഷറര്‍ ബി. സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം സജീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ച മുമ്പാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മൂര്‍ത്തിക്കുന്ന് കോളനിയിലെ 19 ആദിവാസി കുടുംബങ്ങള്‍ നെന്മാറ ഫോറസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട കടപ്പാറ വനം കൈയേറി സമരം തുടങ്ങിയത്. തിങ്കളാഴ്ച ആര്‍.ഡി.ഒ ആലത്തൂര്‍ താലൂക്ക് ഓഫിസില്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ആദിവാസി പ്രതിനിധികള്‍ എത്തിയില്ല. ഇതിനിടെ കൈയേറിയ വനഭൂമിയിലെ നൂറോളം മരങ്ങള്‍ സമരക്കാര്‍ മുറിച്ചുതള്ളി. ഇതറിഞ്ഞ് ആര്‍.ഡി.ഒയും ഡി.എഫ്.ഒയും ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച കടപ്പാറയില്‍ എത്തിയിരുന്നു. കലക്ടര്‍ കോളനിയിലത്തെി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ബുധനാഴ്ച സമരഭൂമിയിലത്തെിയത്. ജില്ലാ കലക്ടറുടെ ഇടപെടലും പരാജയമായതോടെ ആദിവാസി ഭൂ സമരം സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ പൊലീസ് നടപടി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും വനഭൂമിയില്‍ കുടില്‍കെട്ടി സമരക്കാര്‍ നിലയുറപ്പിച്ചാല്‍ ബലപ്രയോഗത്തിന് അധികൃതര്‍ നിര്‍ബന്ധിതരായേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.