കോയമ്പത്തൂര്‍: കൊച്ചി വല്ലാര്‍പാടം ഐ.സി.ടി.ടി തുറമുഖത്തേക്ക് കോയമ്പത്തൂരില്‍നിന്ന് പ്രതിവാര കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷം കോയമ്പത്തൂര്‍ ഇരുഗൂര്‍ ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജി. ശെന്തില്‍വേല്‍ ഫ്ളാഗ്ഓഫ് ചെയ്തു. ഇരുഗൂരില്‍നിന്ന് കൊച്ചിയിലേക്ക് ശനിയാഴ്ചകളിലാണ് സര്‍വിസ് ഉണ്ടാവുക. കൊച്ചിയില്‍നിന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചൈന, യൂറോപ്, കിഴക്കന്‍, മധ്യ കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വിസുകളുമായി കണ്ടെയ്നര്‍ ട്രെയിനുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരണം. കപ്പലുകളില്‍നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള കണ്ടെയ്നറുകളുമായി കൊച്ചിയില്‍നിന്ന് വ്യാഴാഴ്ചകളിലാണ് ചരക്ക് ട്രെയിന്‍ തിരിക്കുക. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൊളംബോ വഴി കയറ്റുമതി നടത്തുന്നതിനേക്കാള്‍ ഒരാഴ്ചത്തെ സമയലാഭമാണ് പുതിയ സര്‍വിസ് വഴി ഉണ്ടാവുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ട്രാഫിക് മാനേജര്‍ ഡോ. സി. ഉണ്ണികൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥരായ ടി. ഇവാഞ്ചലിന്‍, ആര്‍. ശേഖര്‍, സുനില്‍, ദിലിപ് ടി. എബ്രഹാം തുടങ്ങിയവരും സംബന്ധിച്ചു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം ജില്ലകളില്‍നിന്നുള്ള വിദേശ കയറ്റുമതിക്ക് പുതിയ സര്‍വിസ് ഏറെ ഉപകരിക്കുമെന്നാണ് വ്യവസായമേഖലയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.