മലമ്പുഴയില്‍ പ്ളാസ്റ്റിക് നിരോധം പേരില്‍ മാത്രം

പാലക്കാട്: പ്ളാസ്റ്റിക് നിരോധം ഏര്‍പ്പെടുത്തിയ മലമ്പുഴ ഉദ്യാനത്തിനകത്തും ഡാമിനകത്തും പ്ളാസ്റ്റിക് കുപ്പികള്‍ കുന്നുകൂടുന്നു. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന ഇവിടെ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ യഥാസമയം നീക്കാന്‍ സംവിധാനമില്ല. മിനറല്‍ വാട്ടര്‍, ശീതള പാനീയങ്ങള്‍ എന്നിവയുടെ ബോട്ടിലുകള്‍ വാങ്ങി ഉപയോഗം കഴിഞ്ഞവ ഉദ്യാനത്തിനകത്തും ബോട്ട് ജെട്ടിയിലും ഡാം കെട്ടിനകത്തും ഇടുകയാണ് പതിവ്. ഇവ നിയന്ത്രിക്കാന്‍ സംവിധാനമില്ല. ഉപയോഗം കഴിഞ്ഞ ബോട്ടിലുകള്‍ എവിടെയും ഉപേക്ഷിക്കാമെന്ന അവസ്ഥയാണുള്ളത്. ജപ്പാന്‍ പാര്‍ക്കിനടുത്തുള്ള താമരപൊയ്ക, ബോട്ട് ജെട്ടി, ചെറുതടാകങ്ങള്‍, പൂച്ചെടിക്കകത്തും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. മാസങ്ങളായി ഇവ നീക്കം ചെയ്യുന്നില്ല. ഡാമിനകത്തും പ്ളാസ്റ്റിക് കുപ്പികള്‍ കൂടിക്കിടക്കുന്നുണ്ട്. ഡാമും ഉദ്യാനവും ശുചീകരിക്കാന്‍ ജലസേചന വകുപ്പ് 406 താല്‍ക്കാലിക തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. ഇതില്‍ 115 പേര്‍ ഒരു ദിവസം വൃത്തിയാക്കാനായി ഉദ്യാനത്തിനകത്ത് ജോലിക്കായി നിയമിച്ചിട്ടുണ്ട്. ക്യൂറേറ്ററുടെ നിയന്ത്രണത്തിലാണ് ഇവര്‍ ജോലി ചെയ്തുവരുന്നത്. ഇത്രയധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തുവന്നിട്ടും ഇതിനകത്തുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മലമ്പുഴ ഡാം സന്ദര്‍ശിക്കാനത്തെിയ പുതുച്ചേരിയില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക സംഘത്തിലെ 12 വയസ്സുകാരി ഉദ്യാനത്തിനകത്ത് കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം നീക്കാത്ത അവസ്ഥയെക്കുറിച്ച് പരാതി പുസ്തകത്തില്‍ എഴുതി നല്‍കി. കേരളം പ്ളാസ്റ്റിക് രഹിത സംസ്ഥാനമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും എന്നാല്‍, അതിന് വിരുദ്ധമായി മലമ്പുഴ ഉദ്യാനത്തിനകത്ത് പ്ളാസ്റ്റിക് മാലന്യം കുമിഞ്ഞ് കിടക്കുകയാണെന്നും പരാതിയില്‍ കുറിച്ചിട്ടിട്ടുണ്ട്. പൂച്ചെടികള്‍ക്കകത്ത് ബിസ്ക്കറ്റിന്‍െറയും പ്ളാസ്റ്റിക് കവറുകളും ഇട്ടിട്ടുണ്ട്. ഉദ്യാനത്തിനകത്തെ കടകളില്‍നിന്ന് വാങ്ങുന്ന വെള്ളവും മറ്റും ഉപയോഗം കഴിഞ്ഞ് ഇതിനകത്ത് തന്നെയിട്ട് സഞ്ചാരികള്‍ പോവുകയാണ് ചെയ്യുന്നത്. ഉദ്യാനത്തിനകത്തെ മില്‍മ ബൂത്ത് അടക്കമുള്ള ഷോപ്പുകളില്‍ പ്ളാസ്റ്റിക് കവറുകളിലേയും കുടിവെള്ള ബോട്ടിലുകളുടെയും വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യം ശക്തമാണ്. മലമ്പുഴ ഉദ്യാനവും ഡാം പരിസരവും പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.