കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കടത്തിയ എട്ട് കിലോ കഞ്ചാവ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നാലിടത്ത് നിന്നായി ആറ് കിലോയോളം കഞ്ചാവ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയില്‍നിന്ന് പാലക്കാട്ടേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ നാല് കിലോ കഞ്ചാവാണ് ചിറ്റൂര്‍ എക്സൈസ് സി.ഐ പി. ബാബുവും സംഘവും പിടികൂടിയത്. തൃശൂര്‍ താണിക്കുടം വടക്കേച്ചിറ ചുള്ളിക്കാടന്‍ വീട്ടില്‍ ജെയ്സനെ (35) അറസ്റ്റ് ചെയ്തു. ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയില്‍ മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. സേലത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന 500 ഗ്രാം കഞ്ചാവ് പിടികൂടി. എറണാകുളം താലൂക്കിലെ റോഷനെ (21) അറസ്റ്റ് ചെയ്തു. പാലക്കാട് അസി. എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. പൊള്ളാച്ചിയില്‍നിന്ന് തൃശൂരിലേക്കുള്ള സ്വകാര്യ ബസില്‍ എക്സൈസ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1.30 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. തൃശൂര്‍ മണ്ണുത്തി സ്വദേശി റിയാസിനെ (26) കസ്റ്റഡിയിലെടുത്തു. പെട്ടെന്ന് തിരിച്ചറിയാത്തവിധം പഴകിയ കടലാസില്‍ പൊതിഞ്ഞ് സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊള്ളാച്ചിയില്‍നിന്ന് തൃശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ ഗോവിന്ദാപുരത്തുവെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ സ്കൂള്‍ ബാഗിനകത്ത് സൂക്ഷിച്ച് കടത്തുകയായിരുന്ന 2.50 കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ ഇരിങ്ങാലക്കുട ഇടമുട്ടത്ത് സലീമിനെ (26) കസ്റ്റഡിയിലെടുത്തു. പഴനി, പൊള്ളാച്ചി ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഇവര്‍ക്ക് കഞ്ചാവ് കൈമാറിയതെന്നാണ് സൂചന. തേനി, തിരുനെല്‍വേലി, രാമേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് കഞ്ചാവ് പൊള്ളാച്ചിയിലത്തെുന്നത്. കിലോക്ക് 10,000 രൂപ നല്‍കി വാങ്ങുന്ന കഞ്ചാവ് നാലിരട്ടിയിലധികം രൂപക്കാണ് തൃശൂരില്‍ വില്‍ക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.