ജെല്ലിക്കെട്ട്: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകുന്നു

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ ദേശീയോത്സവമായ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ജെല്ലിക്കെട്ട് ഇക്കൊല്ലം നടത്താനാവുമോയെന്ന് സംശയം. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. കോടതിയുടെ വിലക്ക് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിബന്ധനകളോടെ ജെല്ലിക്കെട്ട് നടത്താനുള്ള പ്രത്യേകാനുമതി ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ജെല്ലിക്കെട്ടിന് അനുമതി ലഭ്യമാവുമെന്ന പ്രതീക്ഷയില്‍ തെക്കന്‍ തമിഴകത്തില്‍ കാളകള്‍ക്കും മാടുകളെ പിടിക്കാനിറങ്ങുന്ന യുവാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. കോടതി ഉത്തരവ് നീക്കിക്കിട്ടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ളെന്നാരോപിച്ച് ഡി.എം.കെ, പാട്ടാളി മക്കള്‍ കക്ഷി, ഡി.എം.ഡി.കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിഷേധ സമരം നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ജെല്ലിക്കെട്ട് നടന്നിരുന്നില്ല. കാളകളെ പീഡിപ്പിക്കുന്നതായും ജെല്ലിക്കെട്ട് സംഘാടനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോര്‍ഡ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് 2014 മേയ് ഏഴിന് ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.