ഉന്നത വിദ്യാഭ്യാസം: വിദ്യാര്‍ഥികളെ മുന്നിലത്തെിക്കാന്‍ നടപടി –മുഖ്യമന്ത്രി

പട്ടാമ്പി: തൊഴില്‍ ലഭിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നീലകണ്ഠ ഗവ. സംസ്കൃത കോളജില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സയന്‍സ് ബ്ളോക്കിന്‍െറ നിര്‍മാണോദ്ഘാടനം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും കേരളം ഏറ്റവും മുന്നിലാണ്. എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് നമുക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. ഈ രംഗത്ത് ഒന്നാംനിരയില്‍ നമ്മുടെ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നതെന്നും വിദ്യാഭ്യാസം കൊണ്ട് തൊഴില്‍ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. കോളജിലും പരിസരത്തും അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സ്ഥലം ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ള പദ്ധതി കൃഷിമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അഡ്വ. വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാപ്പൂട്ടി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ്, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. പി.എന്‍. അനിതകുമാരി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. സി.പി. മുഹമ്മദ് എം.എല്‍.എ സ്വാഗതവും പി.വി. കലാധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.