കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍േറഷന്‍ യൂനിറ്റ്: ആസ്തികള്‍ വീണ്ടും തിട്ടപ്പെടുത്തുന്നു

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ കഞ്ചിക്കോട് യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി വ്യവസായ വകുപ്പിന് കീഴിലുള്ള പബ്ളിക് സെക്ടര്‍ റീസ്ട്രക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) സംഘം ഇന്‍സ്ട്രുമെന്‍േറഷന്‍ സി.എം.ഡി എം.പി. ഈശ്വറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. റിയാബ് സെക്രട്ടറിയും മലബാര്‍ സിമന്‍റ്സ് എം.ഡിയുമായ കെ. പത്മകുമാര്‍, മലബാര്‍ സിമന്‍റ്സ് ചീഫ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) അബ്ദുസ്സമദ്, ഇന്‍സ്ട്രുമെന്‍േറഷന്‍ ഡയറക്ടര്‍ (ഫിനാന്‍സ്) ഗോപാല്‍ റാവു, കഞ്ചിക്കോട് യൂനിറ്റ് എം.ഡി പി.എം. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. യൂനിറ്റിലെ മെഷിനറി, അസംസ്കൃത വസ്തുക്കള്‍, ഉല്‍പന്നങ്ങള്‍ എന്നിവയുടെ മൂല്യം തിട്ടപ്പെടുത്താന്‍ ധാരണയായി. അസംസ്കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഇന്‍വെന്‍ററി കണക്കെടുപ്പ് അംഗീകൃത ബാങ്കുകളുടെ സഹായത്തോടെ നടത്തും. യൂനിറ്റ് കൈമാറുമ്പോള്‍ നഷ്ടപരിഹാരമായി നിശ്ചിത തുക സംസ്ഥാന സര്‍ക്കാര്‍, ഇന്‍സ്ട്രുമെന്‍േറഷന്‍െറ കോട്ടയിലെ മാതൃ യൂനിറ്റിന് നല്‍കേണ്ടിവരും. ഇത് എത്രയെന്ന് തിട്ടപ്പെടുത്താന്‍ കൂടിയാണ് ബുക്ക് വാല്യൂ ഒഴിവാക്കി വീണ്ടും കണക്കെടുപ്പ് നടത്തുന്നത്. തൊഴിലാളികളുടെ സര്‍വിസ് സംബന്ധമായ കാര്യങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ബാധ്യത ഏല്‍ക്കാന്‍ കേന്ദ്രം തയാറല്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധമായ തര്‍ക്കങ്ങളില്‍ ഏകദേശ ധാരണ രൂപപ്പെടുത്താന്‍ ബുധനാഴ്ച തൊഴിലാളി പ്രതിനിധികളുമായി റിയാബ് സംഘം വീണ്ടും ചര്‍ച്ച നടത്തും. അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി 19ന് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.