കൃഷിയുടെ പേരില്‍ വെട്ടിപ്പ്: നെല്‍പാടങ്ങളില്‍ ഇഷ്ടികനിര്‍മാണം; കീശയില്‍ ഉല്‍പാദന ബോണസ്

മുതലമട: ഇഷ്ടിക നിര്‍മാണത്തിന് നല്‍കിയ നെല്‍പാടങ്ങള്‍ക്ക് ഉല്‍പാദന ബോണസ് വാങ്ങുന്ന കര്‍ഷകര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമായി. നെല്‍പാടങ്ങള്‍ വ്യാപകമായി ഇഷ്ടിക്കളങ്ങള്‍ക്ക് മണ്ണെടുക്കാനും ഇഷ്ടിക നിര്‍മാണത്തിനുമായി നല്‍കുകയും ഉടമകള്‍ ഈ സ്ഥലങ്ങളുടെ പേരില്‍ ഉല്‍പാദന ബോണസ് നേടിയെടുക്കുകയും ചെയ്യുന്നതായാണ് ആരോപണം. സബ്സിഡിയിനത്തില്‍ നെല്‍വിത്തും ഇവര്‍ വാങ്ങി മറിച്ചുവില്‍ക്കുന്നുണ്ടെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. നെല്‍പാടങ്ങള്‍ നാലുവര്‍ഷത്തിലേറെ ഇഷ്ടികക്കളങ്ങള്‍ക്കും മണ്ണ് ഖനനത്തിനുമായി നല്‍കിയ കര്‍ഷകര്‍ക്ക് ഒരു പരിശോധനയുമില്ലാതെയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ആനുകൂല്യം വിതരണം ചെയ്യുന്നത്. അഞ്ചു വര്‍ഷത്തിലേറെ മാവിന്‍തോട്ടമായും ഇഞ്ചിപ്പാടങ്ങളായും പരിവര്‍ത്തനം ചെയ്ത കൃഷിയിടങ്ങളുടെ പേരില്‍ കൃഷിഭവനില്‍നിന്ന് സബ്സിഡിയിനത്തില്‍ നെല്‍വിത്തും ഉല്‍പാദന ബോണസും വളത്തിന്‍െറ സബ്സിഡിയും വാങ്ങുന്നവരുണ്ടെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. തമിഴ്നാട്ടുകാരായ കര്‍ഷകര്‍ വരെ ഇത്തരം വെട്ടിപ്പുകള്‍ നടത്തുന്നുണ്ടത്രെ. 2011-12 വര്‍ഷത്തില്‍ 84,090 കിലോ നെല്‍വിത്താണ് സബ്സിഡിയിനത്തില്‍ മുതലമട ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്തത്. ഇതിനായി 18,76,780 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. 2012-13 വര്‍ഷത്തില്‍ 54,660 കിലോ നെല്‍വിത്തും (13,66,500 രൂപ) 2013-14ല്‍ 56,670 കിലോ നെല്‍വിത്തും (18,26,280 രൂപ) 2014-15 വര്‍ഷത്തില്‍ 30,030 കിലോ നെല്‍വിത്തും (11,71,170 രൂപ) വിതരണം ചെയ്തു. 2015 ഡിസംബര്‍ വരെ കൃഷിവകുപ്പ് കണക്കനുസരിച്ച് മുതലമട ഗ്രാമപഞ്ചായത്തില്‍ 750 ഹെക്ടര്‍ നെല്‍കൃഷിയും1360 ഹെക്ടര്‍ നാളികേരകൃഷിയും 60 ഹെക്ടര്‍ പച്ചക്കറി കൃഷിയുമാണുള്ളത്. നെല്‍പാടങ്ങള്‍ ഇല്ലാതാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് തദ്ദേശ വകുപ്പും റവന്യൂ വകുപ്പുമാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ സബ്സിഡി അനധികൃതമായി കൈക്കലാക്കുന്ന ഭൂവുടമകള്‍ക്ക് കൂട്ടു നില്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.