ചിനക്കത്തൂര്‍ പൂരം കൊടിയേറി

ഒറ്റപ്പാലം: ചിനക്കത്തൂരിന്‍െറ പൂരപ്പെരുമക്ക് ആചാരത്തനിമ നിറഞ്ഞ കൊടിയേറ്റം. വ്യാഴാഴ്ച രാത്രി 11നായിരുന്നു പൂരത്തിന് കൊടിയേറിയത്. കൊടിയേറ്റത്തിന് സാക്ഷികളാകാന്‍ ഏഴുദേശങ്ങളില്‍നിന്ന് ആളുകള്‍ ക്ഷേത്രാങ്കണങ്ങളില്‍ കാത്തുനിന്നു. കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്ന ക്ഷേത്രം കോമരം താഴെക്കാവിന്‍െറ തിരുനടയില്‍ പ്രത്യക്ഷപ്പെട്ടതോടെ ആചാരാനുഷ്ഠാനങ്ങള്‍ക്കു തുടക്കമായി. മണ്‍മറഞ്ഞ പൂര്‍വ പ്രതാപികളുടെയും നാട്ടാരചന്മാരുടെയും സാന്നിധ്യം ഉറപ്പാക്കലായിരുന്നു ആദ്യ ചടങ്ങ്. പട്ടികയിലെ പേരുകള്‍ വിളിച്ചു ചൊല്ലുമ്പോള്‍ ആചാരമനുസരിച്ച് രണ്ടാവര്‍ത്തിയിലും ഇല്ളെന്ന് ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നവര്‍ ഏകസ്വരത്തില്‍ മറുപടി നല്‍കി. മൂന്നാം ഊഴ ആവര്‍ത്തനത്തിലാണ് സ്ഥാനീയര്‍ ഹാജരുണ്ടെന്ന വിളംബരം പുരുഷാരവത്തില്‍ നിന്നുയര്‍ന്നത്. ഇതോടെ താഴെക്കാവിലും പിന്നെ മേലെക്കാവിലും ആരവങ്ങള്‍ക്കിടയില്‍ കൊടിക്കൂറ പൊങ്ങി. ചിനക്കത്തൂരിന്‍െറ സവിശേഷതയാര്‍ന്ന ‘അയ്യയ്യോ’ നിലവിളികള്‍ ഇനി തട്ടകം വിട്ടൊഴിയാന്‍ പൂരം കൊടിയിറങ്ങണം. സദാനന്ദപുലവരും സംഘവും 17 നാളുകളായി അവതരിപ്പിച്ചു പോന്ന കമ്പരാമായണം തോല്‍പ്പാവക്കൂത്തിനും ഇതോടെ സമാപനമായി. പത്തുനാള്‍ നീളുന്ന പറയെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. ഒറ്റപ്പാലം ദേശത്തിന്‍െറ മാത്തൂര്‍മനയില്‍ നിന്നാണ് ആരംഭം. ഏഴുദേശങ്ങളിലെ പറയെടുപ്പിന് സമാപനം പാലപ്പുറം ദേശത്തെ കീഴാനെല്ലൂര്‍ മനയിലാണ്. പാലപ്പുറം, പല്ലാര്‍മംഗലം, എറക്കോട്ടിരി, തെക്കുമംഗലം, വടക്കുമംഗലം, മീറ്റ്ന, ഒറ്റപ്പാലം എന്നീ ദേശങ്ങള്‍ പൂരാഘോഷങ്ങളുടെ മുന്നോടിയായി വിപുലമായ പരിപാടികളാണ് നിത്യേന ഒരുക്കിയിട്ടുള്ളത്. 22നാണ് പൂരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.