എസ്. കൃഷ്ണദാസിന്‍െറ പരാജയം സി.പി.എം അന്വേഷിക്കും

ഷൊര്‍ണൂര്‍: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന എസ്. കൃഷ്ണദാസിനേറ്റ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ കമീഷനെ നിയമിച്ച സാഹചര്യം സി.പി.എമ്മിലെ വിഭാഗീയത വീണ്ടും തലപൊക്കുന്നതിന് കാരണമായേക്കും. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന എം.ആര്‍. മുരളിയുടെ നേതൃത്വത്തില്‍ മറ്റ് എട്ടോളം നഗരസഭാംഗങ്ങളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് സി.പി.എമ്മിന് വലിയ ഷോക്കായിരുന്നു. 2010ലെ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ നഗരഭരണം ചരിത്രത്തിലാദ്യമായി സി.പി.എമ്മിന് നഷ്ടപ്പെട്ടു. വിമത നേതാവ് എം.ആര്‍. മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് കൃഷ്ണദാസിന് അവസരം വന്നത്. രണ്ടര വര്‍ഷം നഗരസഭാ ചെയര്‍മാനായിരുന്ന കൃഷ്ണദാസ് തുടര്‍ച്ചയായ നാലാം തവണയും നഗരസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വിമതര്‍ക്ക് നല്ല സ്വാധീനമുള്ള ഗണേശ്ഗിരി വാര്‍ഡില്‍ കൃഷ്ണദാസ് പരാജയപ്പെട്ടത് അന്നേ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയില്‍ ചില പുഴുക്കുത്തുകള്‍ അവശേഷിക്കുന്നുണ്ടെന്നും ഇത് പൂര്‍ണമായും ഇല്ലാതാക്കുമെന്നും ലോക്കല്‍ സെക്രട്ടറി എം.കെ. ജയപ്രകാശ് ഷൊര്‍ണൂര്‍ ടൗണില്‍ നടന്ന പൊതുയോഗത്തില്‍ എം.ആര്‍. മുരളിയെ സാക്ഷിയാക്കി പറയുകയുമുണ്ടായി. ഒൗദ്യോഗിക പക്ഷക്കാരനായ പാര്‍ട്ടിയംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് തീരുമാനമായത്. ഏരിയാ കമ്മിറ്റിയംഗങ്ങളായ അബ്ദുല്‍ ഖാദര്‍, ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി ബി. ധരേഷ് എന്നിവരാണ് കമീഷനംഗങ്ങള്‍. എന്നാല്‍, ഒമ്പതാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കെതിരെ സി.പി.എമ്മിലെ ഒൗദ്യോഗികപക്ഷം വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. ഇക്കാര്യം കൂടി അന്വേഷണ പരിധിയില്‍ വരണമെന്നാണ് വിമത പക്ഷത്തിലെ ചിലര്‍ അടക്കം പറയുന്നത്. ഒൗദ്യോഗികമായി ഇക്കാര്യത്തില്‍ പരാതിപ്പെടാനുള്ള സാഹചര്യം വിമതര്‍ക്കില്ലാത്ത സ്ഥിതിയുമുണ്ട്. മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത് അംഗീകരിക്കാത്ത നിരവധി പാര്‍ട്ടിയംഗങ്ങളുണ്ട്. മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുപോയതില്‍ വിമുഖരായി പ്രവര്‍ത്തനം നിര്‍ത്തിയ വിമതരുമുണ്ട്. പുതിയ അന്വേഷണം കൂടി വരുന്നത് വിഭാഗീയത ഇനിയും മാറിയിട്ടില്ളെന്നതിന്‍െറ സൂചനയാണ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.