മുഖ്യപ്രതി അബ്ദുല്‍നൂറിന് 15വരെ കോടതിവാസം

തിരൂര്‍: പാപ്പര്‍ ഹരജിയുടെ മറവില്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കമ്പാല അബ്ദുല്‍നൂറിന്‍െറ നീക്കത്തിന് തിരിച്ചടി. നൂറിന് തിരൂര്‍ സബ് കോടതി അനുവദിച്ച ജാമ്യം ഹൈകോടതി തടഞ്ഞു. ഇയാളെ 15വരെ കോടതി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചതോടെ പുറത്തിറങ്ങാനുള്ള വഴി തല്‍ക്കാലം അടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ആമീന്‍ മുഖേന അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ നൂറിന് ചൊവ്വാഴ്ച തിരൂര്‍ സബ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചായിരുന്നു സബ്കോടതി നടപടി. കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നത് കൂടി തടയാനായിരുന്നു ഹരജിയുമായി നൂര്‍ രംഗത്തത്തെിയത്. ഇതിനെതിരെ നിക്ഷേപത്തട്ടിപ്പ് കേസിലെ ഇര തിരൂരിലെ അഡ്വ. ഇസ്മയില്‍ മയ്യേരി മുഖേന ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പാപ്പര്‍ ഹരജി ഫയല്‍ ചെയ്തത് കൊണ്ടുമാത്രം ജാമ്യം അനുവദിക്കരുതെന്നും കര്‍ശന ജാമ്യവ്യവസ്ഥ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇത് പരിഗണിച്ച ഹൈകോടതി 15 വരെ നൂറിനെ കോടതി കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യപ്പെട്ട് കേസ് ഡയറി വിളിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സബ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും മുന്‍സിഫ് കോടതി ജാമ്യം അനുവദിക്കാതിരുന്നതിനാലാണ് നൂര്‍ പുറത്തിറങ്ങാതിരുന്നത്. ബുധനാഴ്ച മുന്‍സിഫ് കോടതി ഹരജി പരിഗണിച്ചപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ എം.കെ. മൂസക്കുട്ടി, ഇസ്മയില്‍ മയ്യേരി എന്നിവര്‍ ചൂണ്ടിക്കാട്ടി. ബിനാമികളെ ഉപയോഗപ്പെടുത്തി നൂര്‍ ഇടപാടുകള്‍ തുടരുന്നതായും ഇവര്‍ അറിയിച്ചു. കര്‍ശന ജാമ്യവ്യവസ്ഥ നിര്‍ദേശിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടതോടെ കേസ് 15ലേക്ക് മാറ്റി. 15വരേയും നൂര്‍ കോടതിക്കുള്ളില്‍ കഴിയണം. ഭക്ഷണവും താമസവുമെല്ലാം കോടതി കെട്ടിടത്തിലാണ്. പാപ്പര്‍ ഹരജി നിലവിലുള്ളതിനാലാണ് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കാതെ കോടതി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.