ഷൂട്ടിങ് പരിശീലനത്തിന് റൈഫിള്‍ ക്ളബ് തുറന്നു കൊടുക്കും

പാലക്കാട്: ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനത്തിന് പാലക്കാട് റൈഫിള്‍ ക്ളബ് തുറന്നു കൊടുക്കാന്‍ ജില്ലാ കലക്ടര്‍ കെ. മേരിക്കുട്ടി തീരുമാനിച്ചു. ഇതിനായി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി കെ. സനല്‍കുമാറിന്‍െറ പേരില്‍ പത്ത് ദിവസത്തേക്ക് റൈഫിള്‍ ക്ളബിന്‍െറ ആയുധ ലൈസന്‍സ് പുതുക്കി നല്‍കും. നിയമവശം പരിശോധിച്ച് ഷൂട്ടര്‍മാര്‍ക്ക് പരിശീലനത്തിന് അവസരമൊരുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഷൂട്ടിങ് താരങ്ങളായ ചിരാഗ് മുകുന്ദന്‍, ആദിത്യാ പ്രദീപ് തുടങ്ങി എട്ട് പേര്‍ സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആണ് ഉത്തരവിട്ടത്. തോക്കും വെടിയുണ്ടയും കിട്ടാത്തതിനാല്‍ പരിശീലനം മുടങ്ങിയതായി ഷൂട്ടര്‍മാര്‍ ഹരജിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹൈകോടതി ഇടപെട്ടത്. റൈഫിള്‍ ക്ളബ് കോച്ച് വി. വിപിന്‍ദാസിന് നിശ്ചിത യോഗ്യതയില്ളെന്നും ഇദ്ദേഹത്തെ പരിശീലകനായി നില നിര്‍ത്താനാവില്ളെന്നും കാണിച്ച് ജില്ലാ റൈഫിള്‍ ക്ളബ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ വിപിന്‍ദാസ് ഹൈകോടതിയെ സമീപിച്ചു. ഈ ഹരജിയില്‍ വിപിന്‍ദാസിന്‍െറ യോഗ്യത പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. വെടിയുണ്ട പണയം വാങ്ങിയതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ദേവസ്യ കുര്യനെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് റൈഫിള്‍ ക്ളബിന്‍െറ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള ക്ളബിന്‍െറ ആയുധ നിയമപ്രകാരമുള്ള ലൈസന്‍സ് ഈ വര്‍ഷം ജില്ലാ കലക്ടര്‍ പുതുക്കി നല്‍കിയിരുന്നില്ല. ഇതാണ് പരിശീലനം മുടങ്ങാന്‍ കാരണമായത്. ആയുധ നിയമം ലംഘിച്ച് വെടിയുണ്ട സൂക്ഷിച്ചതിനും കൈമാറ്റം ചെയ്തതിനും റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെയുള്ള കേസുകള്‍ ഹൈകോടതി സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.