അനധികൃത പന്നിഫാമുകളും ചെങ്കല്‍ ചൂളകളും നിര്‍ത്താന്‍ നോട്ടീസ്

പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകളും ചെങ്കല്‍ ചൂളകളും നിര്‍ത്തിവെക്കാന്‍ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കി. അഞ്ചാം വാര്‍ഡിലെ ആറങ്ങോട്ടുകുളമ്പിലും നാലാം വാര്‍ഡിലെ പ്ളായംപള്ളത്തും പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാമുകള്‍ നിര്‍ത്തിവെക്കാനും കോരയാര്‍ പുഴയോരം കൈയേറി നടത്തുന്ന ചെങ്കല്‍ ചൂളകള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന്‍ പറഞ്ഞു. ആറങ്ങോട്ടുകുളമ്പില്‍ കോരയാര്‍ പുഴയോരത്തെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് പന്നിഫാം നടത്തുന്ന ജോസ് ജോസഫ്, പ്ളായം പള്ളത്ത് ഫാം നടത്തുന്ന സുരേഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആറങ്ങോട്ടുകുളമ്പില്‍ നൂറോളം പന്നികളെ വളര്‍ത്തുന്നുണ്ട്. കോരയാര്‍ പുഴയില്‍നിന്ന് വെള്ളം പമ്പ് ചെയ്തെടുത്ത് ഇവിടേക്ക് വെള്ളം ഉപയോഗിക്കുകയും പന്നി ഫാമിലെ മാലിന്യം പുഴയിലേക്ക് പൈപ്പിട്ട് ഒഴുക്കിവിടുകയും ചെയ്യുന്നതായാണ് പരാതി. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അനധികൃത പന്നി ഫാമുകളെകുറിച്ചും ചെങ്കല്‍ ചൂളകളെകുറിച്ചും ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.