മൈക്രോ ക്രെഡിറ്റ് പദ്ധതി: ആദ്യഘട്ടം അഞ്ച് കോടി വിതരണം ചെയ്യും

പാലക്കാട്: മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിന്‍െറ ഭാഗമായി പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ 10 സി.ഡി.എസുമാര്‍ക്ക് അഞ്ചുകോടി രൂപ നല്‍കും. 26ന് നടക്കുന്ന വിപണനമേളയില്‍ മന്ത്രി എ.കെ. ബാലന്‍ തുക വിതരണം ചെയ്യും. സ്വയം തൊഴില്‍ കണ്ടത്തൊന്‍ മൊത്തം 100 കോടി രൂപയാണ് കമീഷന്‍ പദ്ധതി പ്രകാരം വിതരണം ചെയ്യുക. തെരഞ്ഞെടുത്ത 150 കുടുംബശ്രീ സി.ഡി.എസുമാര്‍ മുഖേനയാണ് വായ്പ നല്‍കുക. ആദ്യം പേര് നല്‍കുന്നവരെ പരിഗണിക്കുക എന്നതാണ് രീതി. നിലവില്‍ 66 സി.ഡി.എസുമാര്‍ പേര്‍ നല്‍കിയിട്ടുണ്ടെന്നും ഈ മാസം 31 വരെ പേരുകള്‍ നല്‍കാമെന്നും കോര്‍പറേഷന്‍ എം.ഡി കെ.ടി. ബാലഭാസ്കര്‍ പറഞ്ഞു. ജില്ലയിലെ പഞ്ചായത്തുകളായ എരിമയൂര്‍, പുതുക്കോട്, കാവശ്ശേരി, പുതുപ്പെരിയാരം, തരൂര്‍, കിഴക്കഞ്ചേരി, തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളായ എരിയാട്, പറപ്പൂക്കര, പൊയ്യ, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസുമാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വായ്പ വിതരണം ചെയ്യുക. ഒരു സി.ഡി.എസിന് പരമാവധി ഒരു കോടി രൂപയാണ് നല്‍കുക. 2.5 ശതമാനം പലിശക്കാണ് കോര്‍പറേഷന്‍ സി.ഡി.എസുമാര്‍ക്ക് തുക നല്‍കുന്നത്. പരമാവധി നാല് ശതമാനം പലിശ മാത്രമേ അയല്‍ക്കൂട്ടങ്ങളില്‍ സി.ഡി.എസുമാര്‍ ഈടാക്കാന്‍ പാടുള്ളൂ. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് കൂട്ടമായോ ഒറ്റക്കോ സംരംഭം ആരംഭിക്കാന്‍ വായ്പ ലഭിക്കും. കൂട്ടമായി സംരംഭം തുടങ്ങുന്നവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയും, ഒറ്റക്ക് ആരംഭിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപയുമേ സി.ഡി.എസുമാര്‍ നല്‍കാന്‍ പാടുള്ളൂ. വായ്പ നല്‍കുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളില്‍ 75 ശതമാനവും ഒ.ബി.സി വിഭാഗത്തില്‍പെട്ടവരായിരിക്കണം. എന്നാല്‍, വായ്പ അയല്‍ക്കൂട്ട അംഗങ്ങളിലെ എല്ലാ വിഭാഗക്കാര്‍ക്കും ലഭിക്കും. മൈക്രോ ക്രെഡിറ്റിന് പുറമെ വിവിധ വായ്പ പദ്ധതികള്‍ മുഖാന്തരം 320 കോടിയുടെ വായ്പയും കോര്‍പറേഷന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.