കൊല്ലങ്കോട്: മാങ്കോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ കാലാവസ്ഥ വ്യതിയാനം മൂലം മാമ്പൂക്കൾ വ്യാപകമായി കൊഴിയുന്നു. തമിഴ്നാട്ടിൽ വീശിയ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഞ്ഞുവീഴ്ചയും മൂലം മുതലമടയിൽ 600 ഏക്കർ മാവിൻതോട്ടങ്ങളിലെ മാമ്പൂക്കൾ പൂർണമായും കരിഞ്ഞുണങ്ങി. മൂടികെട്ടിയ കാലാവസ്ഥയും മഞ്ഞുവീഴ്ചയും മാവിെൻറ പൂക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതാണ് കൊഴിയാൻ കാരണമായത്. ചപ്പക്കാട്, വെള്ളാരൻകടവ്, നരിപ്പാറചള്ള എന്നിവിടങ്ങളിലാണ് മാമ്പൂക്കൾ കൂടുതലായി കൊഴിയുന്നത്. ഇതിനെതിരെ കീടനാശിനി ഉപയോഗവും വളപ്രയോഗവും ഗുണംചെയ്യാത്തതിനാൽ കാലാവസ്ഥ മാറ്റത്തിനായി കാത്തിരിക്കുകയാണ് കർഷകർ. നവംബർ ആദ്യവാരത്തിൽ പൂക്കളുണ്ടായ തോട്ടങ്ങളിലാണ് കൊഴിച്ചിൽ വ്യാപകമായത്. ജനുവരി പകുതിയോടെ വിളവെടുപ്പ് ആരംഭിക്കാമെന്ന് കാത്തിരുന്ന കർഷകർക്ക് നിലവിലെ കാലാവസ്ഥ കനത്തപ്രഹരമാണേൽപിക്കുന്നത്. ഏക്കറിന് 70,000 മുതൽ ലക്ഷം രൂപ വരെ പാട്ടതുക നൽകി മാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്ത കർഷകർക്കും നിലവിലെ കാലാവസ്ഥ തിരിച്ചടിയാണ്. കൊഴിഞ്ഞതും ഉണങ്ങിയതുമായ പൂക്കൾക്കുപകരം വീണ്ടും പൂക്കുന്ന മാവുകൾ ഉണ്ടെങ്കിലും ഇത് ആദ്യത്തേതിൽനിന്ന് പകുതിയോളം കുറയും. മാത്രമല്ല വിളവെടുപ്പും വൈകും. ഇത് കച്ചവടത്തെ ബാധിക്കുമെന്ന് ചപ്പക്കാട്ടിലെ മാങ്ങകർഷകനായ ഷൈക്ക് മുസ്തഫ പറയുന്നു. എല്ലാ മാവു കർഷകരെയും ഉൾപ്പെടുത്തി വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന മാങ്ങകർഷകരുടെ ആവശ്യം നടപ്പാകാത്തതിലും വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.