ഷൊർണൂർ: പത്ത് ദിവസം മുമ്പ് തുറന്നുവിട്ട മലമ്പുഴയിലെ വെള്ളം ഷൊർണൂരിൽ ഓടിക്കിതച്ചെത്തി. ഏറെദൂരം വേഗത്തിൽ വന്നും പിന്നീട് തടയണകളിൽ മയങ്ങിയും ആലസ്യം മാറ്റിയുമാണ് കുടിവെള്ളം ഷൊർണൂരിലെത്തിയത്. ഷൊർണൂരിലും പുഴയുടെ മറുകരയിലുള്ള ചെറുതുരുത്തിയിലും പിന്നീട് പടിഞ്ഞാറോട്ട് വെള്ളിയാങ്കല്ല് പദ്ധതിയുടെ ഭാഗമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലംവരെ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാക്കിയതിനെ തുടർന്ന് ജല അതോറിറ്റി അധികൃതരാണ് മലമ്പുഴ ഡാമിലെ വെള്ളം തുറന്നുവിടാൻ ആവശ്യപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ഡാം തുറന്നുവിട്ടാൽ മണിക്കൂറുകൾകൊണ്ട് ഈ വെള്ളം ഷൊർണൂരിലെത്തിയിരുന്നു. ഇടക്കിടെ തടയണകൾ വന്നതോടെ ഈ അവസ്ഥക്ക് മാറ്റം വന്നു. പറളി, മങ്കര, ലക്കിടി, മീറ്റ്ന, തടയണകൾക്ക് പുറമെ കഴിഞ്ഞ വേനലിൽ നിർമാണം പൂർത്തിയായ മാന്നനൂർ ഉരുക്കു തടയണയും വന്നതോടെ ഇവിടെനിന്ന് താഴേക്കുള്ള പുഴയുടെ ഇരു കരകളിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയായി. ഷട്ടറുകളില്ലാത്ത ഈ തടയണകളിലെല്ലാം വെള്ളം നിറഞ്ഞാൽ മാത്രമേ താഴേക്ക് വെള്ളം ഒഴുകുകയുള്ളൂ. മാന്നനൂർ തടയണക്ക് താഴെ 30 കിലോമീറ്ററോളം താണ്ടിയാൽ മാത്രമേ മറ്റൊരു തടയണയുള്ളൂവെന്നത് പ്രശ്നത്തിെൻറ ഗൗരവം കൂട്ടുന്നു. ഷൊർണൂരിലെ സ്ഥിരം തടയണയുടെ നിർമാണം മൂന്ന് വർഷത്തിലധികമായി പൂർണമായും സ്തംഭിച്ചുകിടക്കുകയാണ്. ഇവിടെ താൽക്കാലിക തടയണയും പേരിന് മാത്രമാണുള്ളത്. അതുകൊണ്ട് ഒഴുകിയെത്തിയ വെള്ളം എത്രത്തോളം സംഭരിച്ച് കുടിവെള്ളം പമ്പ് ചെയ്യാമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ഇപ്പോൾ ഷൊർണൂരിലും മറുകരയിലുള്ള തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലും ദിവസങ്ങൾ കൂടുമ്പോൾ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഷൊർണൂർ കൊച്ചിപ്പാലത്തിനടുത്തുനിന്നും പടിഞ്ഞാറ് ഭാഗത്ത് പത്ത് കിലോമീറ്റർ അപ്പുറത്താണ് ചെങ്ങണാംകുന്ന് കടവ് തടയണയുടെ നിർമാണം പുരോഗമിക്കുന്നത്. ഇതുവരെയുള്ള ഭാഗത്താണ് ഏറ്റവും രൂക്ഷമായ ജലക്ഷാമമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.