കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ക്വാറികള്‍ നടത്തിവന്ന ശേഖര്‍റെഡ്ഢി ഉള്‍പ്പെടെയുള്ള പ്രമുഖ കരാറുകാരുടെ വീടുകളിലും മറ്റും ആദായനികുതി റെയ്ഡ് തുടരുന്ന പശ്ചാത്തലത്തില്‍ മണല്‍ക്ഷാമം രൂക്ഷമായി. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുമായി ബന്ധമുള്ള ശേഖര്‍റെഡ്ഢിയുടെ ബിനാമികളും സബ് ഏജന്‍റുമാരും ഒളിവിലാണ്. ഇവര്‍ നടത്തിവന്ന കരൂര്‍, തിരുച്ചി, തഞ്ചാവൂര്‍ ജില്ലകളിലെ മണല്‍ ക്വാറികള്‍ മൂന്ന് ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനുശേഷം മണല്‍ ക്വാറികളില്‍ തൊഴിലാളികള്‍ എത്തിയിരുന്നില്ല. പത്ത് ദിവസമായി മണല്‍ വിതരണം സ്തംഭിച്ചതോടെ കെട്ടിട നിര്‍മാണ മേഖല അവതാളത്തിലാണ്. സംസ്ഥാനത്ത് മൊത്തം 61 അംഗീകൃത മണല്‍ ക്വാറികളാണുള്ളത്. ഇതില്‍ 12 ക്വാറികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. തിരുച്ചി ജില്ലയിലെ കാവേരി നദിക്കരയിലുള്ള മണല്‍ ക്വാറികളാണ് ഇതില്‍ ഭൂരിഭാഗവും. വിവിധ ജില്ലകളില്‍നിന്നുള്ള ആയിരക്കണക്കിന് ലോറികള്‍ ഇപ്പോള്‍ തിരുച്ചിയിലെ വിവിധ മണല്‍ ക്വാറികളില്‍ കിലോമീറ്ററുകളോളം നീണ്ട വരികളില്‍ കാത്തുകിടക്കുകയാണ്. ക്വാറികളില്‍ സൂക്ഷിച്ച മണല്‍ മൂന്ന് ദിവസത്തെ വിതരണത്തിന് മാത്രമെ തികയൂ. ഇതിനുശേഷം സംസ്ഥാനത്ത് മണല്‍ വിതരണം പൂര്‍ണമായി സ്തംഭിക്കും. തിരുച്ചി കാവേരി നദിക്കരയിലെ ക്വാറികളില്‍ രണ്ട് ദിവസം കാത്തുകിടന്നാല്‍ മാത്രമാണ് ഒരു ലോഡ് മണല്‍ ലഭിക്കുക. തിരുച്ചി ക്വാറികളില്‍ നിന്നെടുക്കുന്ന മണലിന് 24,000 രൂപയില്‍നിന്ന് ഒറ്റയടിക്ക് 28,000 രൂപയായി ഉയര്‍ത്തി. ആര്‍ക്കാട് മണല്‍ ക്വാറികളില്‍ 17,000 രൂപയുണ്ടായിരുന്നത് 22,000 രൂപയായി ഉയര്‍ന്നു. മണലിന്‍െറ വിലവര്‍ധന സ്വന്തമായി വീട് നിര്‍മിക്കുന്ന മധ്യവര്‍ഗ കുടുംബങ്ങളെയാണ്ഏറെ ബാധിച്ചത്. മണല്‍ക്ഷാമം രൂക്ഷമായതോടെ മിക്ക റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആയിരക്കണക്കിന് കെട്ടിട നിര്‍മാണ തൊഴിലാളി കുടുംബങ്ങളാണ് ജോലിയില്ലാതെ പട്ടിണിയില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.