ജില്ല കോണ്‍ഗ്രസിന് ഇനി യുവ നേതൃത്വം

പാലക്കാട്: പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അവസാനം ജില്ലയിലെ കോണ്‍ഗ്രസിന് പുതിയ മുഖം. യുവത്വത്തിന് പ്രാമുഖ്യം നല്‍കുമെന്ന പ്രഖ്യാപനം അച്ചട്ടാക്കിയാണ് പുതിയ പ്രസിഡന്‍റായി 46കാരനായ വി.കെ. ശ്രീകണ്ഠന്‍ ഡി.സി.സി പ്രസിഡന്‍റ് പദവിയിലേക്ക് വരുന്നത്. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ശ്രീകണ്ഠന് ഇത് പുതിയ രാഷ്ട്രീയ ദൗത്യമാണ്. ജവഹര്‍ഭവനിലെ ഡി.സി.സി പ്രസിഡന്‍റ് പദവിയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നില്ല. കെ.എസ്.യു യൂനിറ്റ് ഭാരവാഹിത്വം മുതല്‍ കെ.പി.സി.സി സെക്രട്ടറി സ്ഥാനം വരെ വഹിച്ചിട്ടുണ്ട്. 2000 മുതല്‍ തുടര്‍ച്ചയായി നാല് തവണ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായി. 2011ല്‍ ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ നിന്ന് സി.പി.എമ്മിലെ എം. ഹംസക്കെതിരെ മല്‍സരിച്ച് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് പുതിയ നേതൃത്വം വരുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ജില്ലയില്‍ സജീവമായി കേട്ട പേരാണ് ശ്രീകണ്ഠന്‍േറത്. മുന്‍ ഡി.സി.സി പ്രസിഡന്‍റും എം.എല്‍.എ യുമായിരുന്ന എ.വി. ഗോപിനാഥിന്‍െറ പേരും ശ്രീകണ്ഠന്‍െറ പേരിനൊപ്പം ഉയര്‍ന്നുവന്നിരുന്നു. അവസാന നറുക്ക് ശ്രീകണ്ഠന് വീണു. കെ.എസ്.യു താലൂക്ക് പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗവുമാണ്. കുളപ്പുള്ളി എസ്.എന്‍ കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ് എന്നിവടങ്ങളിലാണ് പഠനം. ഷൊര്‍ണൂര്‍ കൃഷ്ണനിവാസില്‍ അന്തരിച്ച കൊച്ചുകൃഷണന്‍േറയും കാര്‍ത്ത്യായിനി അമ്മയുടേയും മകനാണ്. സംസ്ഥാന വനിത കമീഷന്‍ അംഗമായിരുന്ന കെ.എ. തുളസിയാണ് ഭാര്യ. മഹിള കോണ്‍ഗ്രസ് നേതാവായ തുളസി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കും നിയമസഭയിലേക്കും മല്‍സരിച്ചിട്ടുണ്ട്. നിലവില്‍ മഞ്ചേരി എന്‍.എസ്.എസ് കോളജ് അധ്യാപികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.