പാടശേഖരങ്ങളില്‍ വന്യജീവി ശല്യം രൂക്ഷം

ഷൊര്‍ണൂര്‍: വന്യജീവികളെ തുരത്താന്‍ വള്ളുവനാടന്‍ പാടങ്ങളിലും ഏറുമാടങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. വനങ്ങളും മലകളും കേന്ദ്രീകരിച്ചുള്ള കൃഷിയിടങ്ങളിലാണ് സാധാരണയായി ഏറുമാടം കെട്ടി വന്യജീവികളെ തുരത്തിയിരുന്നത്. എന്നാല്‍, ഗ്രാമങ്ങളിലെ നെല്‍പാടങ്ങളിലേക്കും വന്യജീവി ശല്യം എത്തിയതാണ് കര്‍ഷകര്‍ പുതിയ പരീക്ഷണത്തിന് തയാറായത്. പന്നി, മയില്‍, കുരങ്ങ് എന്നിവയാണ് ഗ്രാമങ്ങളിലെ കൃഷിക്ക് ഏറ്റവും ശല്യമുണ്ടാകുന്നത്. ഇവ തെങ്ങ്, പച്ചക്കറി, കിഴങ്ങ് കൃഷികളെയാണ് ഇതുവരെ നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പാടങ്ങളിലിറങ്ങി നെല്‍കൃഷിയും വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പന്നിക്കൂട്ടമിറങ്ങിയാല്‍ ഏക്കര്‍കണക്കിന് നെല്‍പാടത്തെ കൃഷി മണിക്കൂറുകള്‍കൊണ്ട് നാശമാക്കും. മയിലുകള്‍ കതിരുകള്‍ കൊത്തിതിന്നുകയാണ് ചെയ്യുക. കുരങ്ങന്മാരും നെല്‍കൃഷി നശിപ്പിക്കാനിറങ്ങിയിട്ടുണ്ട്. പന്നിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കിഴങ്ങുകൃഷി പരമ്പരാഗതമായി ചെയ്ത് വരുന്നവരില്‍ ഭൂരിഭാഗമായും കൃഷിപ്പണി നിര്‍ത്തി. കപ്പ, കാച്ചില്‍, നാട്ടക്കിഴങ്ങ്, കൂര്‍ക്ക, ചേമ്പ് എന്നിവയാണ് പ്രധാനമായും പന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ വാഴകള്‍ മറിച്ചിട്ട് അടിയിലെ കിഴങ്ങ് തിന്നുന്നുണ്ട്. ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയും പന്നികള്‍ രുചിച്ച് നോക്കാന്‍ തുടങ്ങിയ സ്ഥിതിയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പയര്‍, ധാന്യ വര്‍ഗങ്ങളാണ് മയിലുകള്‍ കൂടുതലായും നശിപ്പിക്കുന്നത്. കുരങ്ങുകള്‍ തേങ്ങയും പച്ചക്കറിയുമാണ് ലക്ഷ്യം വെക്കുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ ക്രമാതീത വര്‍ധനവ് ഗ്രാമങ്ങളില്‍ ഒരു കൃഷിയും ചെയ്യാനാവാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.