ജലസേചന പദ്ധതിക്ക് പുതുജീവന്‍: അട്ടപ്പാടിക്കാര്‍ പ്രതീക്ഷയില്‍

അട്ടപ്പാടി: നാലര പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ പുതുജീവന്‍ വന്നു. കിഴക്കന്‍ അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനം. പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി ലഭിച്ചതോടെ പദ്ധതി യാഥാര്‍ഥ്യമാവുന്നതിലേക്ക് ഒരുചുവടുകൂടി അടുത്തു. പദ്ധതികൊണ്ട് 4900 ഹെക്ടര്‍ സ്ഥലത്ത് ജലസേചനവും അനുബന്ധമായി മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനവും സാധ്യമാവും. അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ 0.147 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനും പദ്ധതി വഴി കഴിയും. 1971ല്‍ തന്നെ ഡാം നിര്‍മാണത്തിന് ആവശ്യമായ പ്രാഥമിക സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു. ഇടതുകരകനാല്‍ തുടക്കം മുതല്‍ 6.20 കിലോമീറ്റര്‍ വരെ ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭവാനി നീര്‍ത്തടത്തില്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ജലസേചന പദ്ധതി നിര്‍മിക്കുന്നത്. തമിഴ്നാടിന്‍െറ എതിര്‍പ്പാണ് ഡാം നിര്‍മാണത്തിന് പ്രതിബന്ധമായി നില്‍ക്കുന്നത്. ഡാം നിര്‍മാണത്തിനായി സ്ഥാപിച്ച കോടികളുടെ കെട്ടിടങ്ങളും ഉപകരണങ്ങളും നശിച്ചു. ശിരുവാണി പുഴയില്‍ ചിറ്റൂരില്‍ ഡാം നിര്‍മിച്ചാല്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മേട്ടുപാളയം, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ കുടിവെള്ളം മുട്ടുമെന്നാണ് തമിഴ്നാടിന്‍െറ ആശങ്ക. തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ഭവാനി പുഴയുടെ കൈവഴി മാത്രമാണ് ശിരുവാണി പുഴ. അട്ടപ്പാടിയിലൂടെ മാത്രം ഒഴുകുന്ന ശിരുവാണി പുഴ ഏകദേശം 20 കിലോമീറ്റര്‍ ചുറ്റി പുതൂര്‍ പഞ്ചായത്തിലെ കൂടപെട്ടിയില്‍ ഭവാനി പുഴയിലേക്കാണ് ലയിക്കുന്നത്. അതിനാല്‍ തമിഴ്നാടിന്‍െറ എതിര്‍പ്പ് ന്യായമില്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളമില്ലാതെ കൃഷി നിര്‍ത്തിവെച്ച ആദിവാസി കര്‍ഷകര്‍ക്കും തമിഴ്നാട്ടില്‍നിന്ന് കുടിയേറിപ്പാര്‍ത്ത തമിഴ് കര്‍ഷകര്‍ക്കും ഡാം നിര്‍മിക്കുക വഴി കൂടുതല്‍ ഗുണമാണ് ഉണ്ടാകുക. തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കൊടുങ്കര പള്ളം പുഴയില്‍ നീരൊഴുക്ക് കൂടാനും ഇത് വഴിയൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.