ഒറ്റപ്പാലം: ക്ഷേമ പെന്‍ഷനുകള്‍ യഥാസമയം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മോണിറ്ററിങ് കമ്മിറ്റി ആഴ്ചതോറും ചേര്‍ന്ന് വിലയിരുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി വെച്ചെന്നാരോപിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കഴിഞ്ഞ മാസം നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച ഉത്തരവ് ചെയര്‍മാനെ പോലും അറിയിച്ചില്ളെന്നാണ് ആരോപണം. നഗരസഭാ അധ്യക്ഷന്‍ ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ അംഗങ്ങളുമായ കമ്മിറ്റിയാണിത്. യോഗത്തില്‍ സെക്രട്ടറി വിവരം നല്‍കിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അടുത്ത ദിവസം കമ്മിറ്റി വിളിച്ചുചേര്‍ക്കുമെന്നും അധ്യക്ഷത വഹിച്ച എന്‍.എം. നാരായണന്‍ നമ്പൂതിരി അറിയിച്ചു. ക്ഷേമ പെന്‍ഷനുകളുടെ വിതരണം സര്‍വിസ് സഹകരണ ബാങ്ക് വഴി ആയതോടെ പ്രാദേശിക നേതാക്കള്‍ക്ക് കൈക്കൂലിക്ക് അവസരമൊരുങ്ങിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബാങ്കുകളിലത്തെുന്ന ക്ഷേമ പെന്‍ഷനുകളുടെ ലിസ്റ്റ് ശേഖരിച്ച് സി.പി.എം പ്രാദേശിക നേതാക്കള്‍ 100 രൂപ വീതം ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജോസ് തോമസ്, പി.എം.എ. ജലീല്‍, ഇല്യാസ് തറമ്മല്‍, മനോജ് സ്റ്റീഫന്‍ എന്നിവര്‍ ആരോപിച്ചു. നഗരസഭാ ഷോപ്പിങ് കോംപ്ളക്സിലെ കടമുറികള്‍ ലേലത്തിലെടുത്തവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതും ചൂടേറിയ ചര്‍ച്ചക്ക് ഇടയാക്കി. 36 കടമുറികളില്‍ 12 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ശേഷിച്ച 24 കടമുറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 5 .51 കോടി രൂപ കൂടി വായ്പയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ കേരളം അര്‍ബന്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 14 .26 കോടി രൂപ എടുത്തതിന്‍െറ പുറമെയാണിത്. കൗണ്‍സില്‍ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം നടപ്പാക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ച കാട്ടുന്നതായും പ്രതിപക്ഷം ആരോപിച്ചു. വേലായുധന്‍ വൈദ്യര്‍ ദാനം ചെയ്ത സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആയുര്‍വേദ ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായി. ഈസ്റ്റ് ഒറ്റപ്പാലം കിഴക്കേ തോട്ടില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.