ഒറ്റപ്പാലം ബൈപാസ്: സബ് കലക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നാളെ

ഒറ്റപ്പാലം: ‘ഓപ്പറേഷന്‍ അനന്ത’ പുരോഗമിക്കുന്ന ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്കഴിക്കാന്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബൈപാസ് പദ്ധതിക്ക് തുടക്കമിടുന്നു. നിര്‍ദിഷ്ട ബൈപാസിന്‍െറ മാസ്റ്റര്‍പ്ളാന്‍ തയാറാക്കാന്‍ സബ് കലക്ടര്‍ പി.ബി. നൂഹിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ സംഘം വെള്ളിയാഴ്ച പരിശോധന നടത്തും. സംസ്ഥാന ബജറ്റില്‍ 15 കോടി രൂപ പദ്ധതിക്ക് വകയിരുത്തിയിരുന്നു. റവന്യൂ, പി.ഡബ്ള്യൂ.ഡി, ടൗണ്‍ പ്ളാനിങ് വകുപ്പുകളിലെ വിദഗ്ധരും നെഹ്റു എന്‍ജിനീയറിങ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ് രാവിലെ പത്തരയോടെ സബ് കലക്ടറോടൊപ്പം പരിശോധനക്കത്തെുക. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടത്തെിയതാണ് ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാത-പാലാട് റോഡ് സെന്‍ഗുപ്ത റോഡ് മാര്‍ഗമുള്ള ബൈപാസ്. ഇതിനായി സര്‍വേ നടപടികള്‍ ആരംഭിച്ചതോടെ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ബൈപാസിനായി പാത വീതികൂട്ടുന്നതോടെ കിടപ്പാടം ഇല്ലാതാകുമെന്നായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് നടന്ന അനുരഞ്ജന ശ്രമങ്ങള്‍ വിഫലമായതോടെ പദ്ധതി നിര്‍ത്തിവെച്ചു. ‘ഓപ്പറേഷന്‍ അനന്ത’യുടെ ഭാഗമായി നടന്ന ആലോചനാ യോഗങ്ങളില്‍ കൈയേറ്റം ഒഴിപ്പിച്ചത് കൊണ്ട് മാത്രം ഗതാഗതക്കുരുക്കിന് പരിഹാരമാവില്ളെന്നും ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്നും വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബൈപാസ് വീണ്ടും ചര്‍ച്ചയായത്. പി. ഉണ്ണി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതിക്ക് പച്ചക്കൊടി കാട്ടി. ബദല്‍ മാര്‍ഗങ്ങള്‍ പലതും നിര്‍ദേശിച്ചിരുന്നെങ്കിലും അനുയോജ്യം പാലാട്ട് റോഡ് മാര്‍ഗമുള്ളതാണെന്ന നിലപാടില്‍ തന്നെ എത്തിച്ചേരുകയായിരുന്നു. റോഡിന്‍െറ വീതിപരമാവധി കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന അധികൃതരുടെ നിലപാടും പ്രദേശവാസികളുടെ എതിര്‍പ്പിന്‍െറ മഞ്ഞുരുക്കി. ബൈപാസ് യാഥാര്‍ഥ്യമാകണമെങ്കില്‍ ഈസ്റ്റ് ഒറ്റപ്പാലത്തെ കാക്കത്തോട്ട് പാലം നിര്‍മിക്കണം. ഇതും സംഘം പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.