ഷൊര്‍ണൂര്‍ നഗരസഭ : സ്ഥിരം എന്‍ജിനീയറില്ലാത്തത് ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്നു

ഷൊര്‍ണൂര്‍: നഗരസഭയില്‍ സ്ഥിരമായി എന്‍ജിനീയറില്ലാത്തത് പദ്ധതി പ്രവര്‍ത്തനങ്ങളടക്കമുള്ള ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്നതായി ആക്ഷേപം. മൂന്നു മാസം മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എന്‍ജിനീയറെ വിജിലന്‍സ് പിടികൂടിയതോടെയാണ് സ്ഥിരം എന്‍ജിനീയറില്ലാതായത്. പട്ടാമ്പി നഗരസഭാ എന്‍ജിനീയര്‍ക്കാണ് അധിക ചുമതല നല്‍കിയത്. ഇടക്കിടെ വന്നുപോകുന്ന എന്‍ജിനീയറായത് പ്രവൃത്തികളെ സാരമായി ബാധിച്ചുതുടങ്ങിയപ്പോള്‍ ഇദ്ദേഹത്തിന് ഷൊര്‍ണൂരില്‍തന്നെ സ്ഥിര നിയമനം നല്‍കി. പട്ടാമ്പിയിലേക്ക് പുതിയ എന്‍ജിനീയറെ നിയമിച്ച് അവിടത്തെയും പ്രശ്നം ഒഴിവാക്കി. ഷൊര്‍ണൂരില്‍ നിയമിക്കപ്പെട്ട എന്‍ജിനീയര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായതോടെ വീണ്ടും പ്രശ്നമായി. നേരത്തേതുപോലെ പട്ടാമ്പിയിലെ എന്‍ജിനീയര്‍ക്കാണ് ഷൊര്‍ണൂരിലെ അധിക ചുമതല നല്‍കിയിരിക്കുന്നത്. മൂന്നുദിവസം വീതം രണ്ട് സ്ഥലത്തുമായി ജോലി ചെയ്തുവരവെ ഇദ്ദേഹത്തിന് സ്ഥലംമാറ്റം വന്നതോടെ പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, സ്പില്‍ഓവര്‍ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ജോലികളെല്ലാം ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. ഇതിനുപുറമെ കെട്ടിടം നിര്‍മിച്ചവര്‍ക്ക് നമ്പറും പ്രവര്‍ത്തനാനുമതിയും ലഭിക്കാനും ഇത് തടസ്സമാകുന്നു. പൊതുവെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ പിറകിലുള്ള ഷൊര്‍ണൂരിലെ പുതിയ സ്ഥിതിവിശേഷം കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കും. നടപ്പുവര്‍ഷത്തിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം വരും വര്‍ഷത്തെ പദ്ധതികള്‍ തയാറാക്കുന്നതിനും എന്‍ജിനീയറുടെ സേവനം അത്യാവശ്യമാണ്. എന്നാല്‍, ബന്ധപ്പെട്ടവര്‍ ഇക്കാര്യം അത്ര ഗൗരവത്തോടെ കാണുന്നില്ളെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.