ഷൊര്‍ണൂര്‍ ഉള്‍പ്പെടെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍കൂടി ലിഫ്റ്റ് സ്ഥാപിക്കുന്നു

പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന്‍, കണ്ണൂര്‍, വടകര, മംഗളൂരു ജങ്ഷന്‍, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ രണ്ടു ലിഫ്റ്റുകള്‍ വീതം സ്ഥാപിക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫിസര്‍ നരേഷ് ലാല്‍വാനി അറിയിച്ചു. ഡിവിഷനല്‍ റെയില്‍വേ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്‍ണൂര്‍ ജങ്ഷനില്‍ ഒന്നും നാല്, അഞ്ച് പ്ളാറ്റ്ഫോമുകളോട് അനുബന്ധിച്ചാണ് ലിഫ്റ്റ് സ്ഥാപിക്കുക. വിഭിന്നശേഷിയുള്ളവരും പ്രായമായവരുമായ യാത്രക്കാര്‍ക്ക് പ്ളാറ്റ്ഫോമുകളില്‍ പ്രയാസമില്ലാതെ എത്തുന്നതിനാണിത്. പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചു. ആറു മാസത്തിനകം ലിഫ്റ്റുകള്‍ സജ്ജമാക്കും. നിലവില്‍ കോഴിക്കോട്, മംഗളൂരു സെന്‍ട്രല്‍, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ലിഫ്റ്റ് സൗകര്യമുണ്ട്. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷന്‍െറ രണ്ടാമത്തെ പ്രവേശ കവാടത്തിന്‍െറ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാവും. ഇവിടെ ടിക്കറ്റ് ബുക്കിങ്ങിനും റിസര്‍വേഷനും വാഹന പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കി. ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഗുരുവായൂരിലേക്ക് നീട്ടല്‍ നിലവില്‍ അപ്രായോഗികമാണെന്ന് ഡി.ആര്‍.എം പറഞ്ഞു. വണ്ടി നീട്ടണമെന്ന് നേരത്തേ ശിപാര്‍ശ ഉണ്ടായിരുന്നെങ്കിലും പാതയിലെ തിരക്കുകാരണം നിലവില്‍ ഇത് അസാധ്യമാണ്. ബൈന്തൂര്‍ പാസഞ്ചറും മംഗളൂരു-മഡ്ഗാവ് ഇന്‍റര്‍സിറ്റി എക്സ്പ്രസും ഒറ്റ വണ്ടിയായി ഓടിക്കുന്നത് പരിഗണനയിലുണ്ട്. ഇരു വണ്ടികളിലും നിലവില്‍ യാത്രക്കാര്‍ കുറവായതിനാലാണ് ഒറ്റ വണ്ടിയായി ഓടിക്കാന്‍ ആലോചിക്കുന്നത്. ഇത് മേഖലയിലെ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഡി.ആര്‍.എം പറഞ്ഞു. സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ കെ.പി. ദാമോദരന്‍, സീനിയര്‍ ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ വൈ. സെല്‍വിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.