ഇതും ജനപ്രതിനിധി ഡാ...

പത്തിരിപ്പാല: ചിലര്‍ വരുമ്പേള്‍ ചരിത്രം വഴിമാറുമെന്നത് കേവലം പരസ്യവാചകം മാത്രമല്ല. അങ്ങനെ സ്വന്തമായൊരു പാതവെട്ടാനുള്ള ശ്രമത്തിലാണ് യുവ എന്‍ജിനീയര്‍ കൂടിയായ മണ്ണൂര്‍ പഞ്ചായത്തംഗം അന്‍വര്‍ സാദിഖ്. തന്‍െറ വാര്‍ഡിനെ മാലിന്യമുക്തമാക്കുകയാണ് സാദിഖിന്‍െറ ലക്ഷ്യം. വീടുകള്‍ തോറും ചെറുകിട ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ച് വാര്‍ഡിനെ മാലിന്യവിമുക്ത വാര്‍ഡാക്കി പ്രഖ്യാപിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഈ ചെറുപ്പക്കാരന്‍. ഇതിന്‍െറ ഭാഗമായി വാര്‍ഡിലെ മുന്നൂറോളം വീടുകള്‍ കയറിയിറങ്ങി മാലിന്യ നിര്‍മാര്‍ജനമെന്ന ആശയം എത്തിക്കുകയാണ് അദ്ദേഹം. മാലിന്യനിര്‍മാജനത്തിന്‍െറ പ്രസക്തിയെപ്പറ്റി ബോധവത്കരണം നടത്താനും സാദിഖ് സമയം കണ്ടത്തെുന്നുണ്ട്. 4000 രൂപയോളം വിലയുള്ള ബയോഗ്യാസ് പ്ളാന്‍റ് സബ്സിഡി ഉള്‍പ്പെടുത്തി പകുതി വിലയ്ക്ക് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഓരോ വീട്ടിലും ബയോഗ്യാസ് സ്ഥാപിച്ച് വീടുകളില്‍നിന്ന് ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ രണ്ടര മണിക്കൂര്‍ പാചകത്തിനുള്ള ഗ്യാസ് ഇവയില്‍നിന്ന് ലഭിക്കും. പദ്ധതിയില്‍ മുഴുവന്‍ വീടുകളെയും ഉള്‍പ്പെടുത്തിയാല്‍ വാര്‍ഡിനെ മാലിന്യവിമുക്തമാക്കാന്‍ കഴിയും. അതിനായി മുഴുവനാളുകളുടെയും സഹകരണം തേടുകയാണ് സാദിഖ്. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മൊത്തമായി ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ഇദ്ദേഹം വീട്ടുടമകളെ അറിയിക്കുന്നുണ്ട്. നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ച് നല്‍കുമെന്നും അന്‍വര്‍ സാദിഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് മുഴുവന്‍ വീടുകളിലും ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം നിര്‍മാര്‍ജനം ചെയ്യാനാണ് പരിപാടി. റഫീഖ്, കെ.പി. മുനീര്‍, ഹക്കീം, ജബ്ബാര്‍, വി.എം. നൗഷാദ് എന്നിവരടങ്ങുന്ന സംഘംതന്നെ സാദിഖിന് സഹായവുമായുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.