പാളങ്ങള്‍ക്കരികെ ദുരിതം തിന്ന് ഈ കുടുംബങ്ങള്‍

ഒറ്റപ്പാലം: റെയില്‍വേയുടെ അവഗണന മൂലം ഒറ്റപ്പാലം സ്റ്റേഷന്‍ പരിസരത്തെ കുടുംബങ്ങളുടെ ജീവിതം ദുരിതമയം. മാലിന്യം തളംകെട്ടി നില്‍ക്കുന്ന ഓടക്ക് സമീപമുള്ള വീടുകളില്‍ ദുര്‍ഗന്ധം ശ്വസിച്ചും കൊതുകുകടിയേറ്റും ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണിവര്‍. ഇവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും മറ്റു പരാധീനതകള്‍ക്കും നാളേറെയായിട്ടും പരിഹാരമായിട്ടില്ല. റെയില്‍പാളം താണ്ടിയുള്ള ദുരിതയാത്രക്ക് പുറമെയാണ് അധികൃതരുടെ അനാസ്ഥ മൂലം കടുത്ത മാലിന്യപ്രശ്നവും ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. മഴക്കാലമായാല്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ സകല മാലിന്യവും വന്നടിയുന്നത് ഇവരുടെ വീടുകള്‍ക്ക് മുന്നിലുള്ള ഓടയിലാണ്. ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന ഓടയില്‍ വേനലിലും മാലിന്യം തളംകെട്ടി നില്‍ക്കാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഓടക്കുമീതെ കോണ്‍ക്രീറ്റ് സ്ളാബ് മൂടാനോ മാലിന്യം എടുത്തുമാറ്റി വൃത്തിയാക്കാനോ റെയില്‍വേ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതാണ് ഇവര്‍ക്ക് ദുരിതമാകുന്നത്. പരാതിപ്പെടുമ്പോഴെല്ലാം പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ നടപടികളില്ളെന്ന് ഈ കുടുംബങ്ങള്‍ പറയുന്നു. റെയില്‍പ്പാളങ്ങള്‍ക്ക് മീതെ ഭയപ്പാടില്ലാതെ സഞ്ചരിക്കാന്‍ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാളം കടന്നെത്തേണ്ട നഗരസഭാ ശ്മശാനം സഞ്ചാര സൗകര്യങ്ങളില്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാമ്പാടിയിലെ ഐവര്‍മഠം പൊതുശ്മശാനം ഇടക്കാലത്ത് പ്രദേശവാസികള്‍ക്കായി പരിമിതപ്പെടുത്തിയതോടെ ഇവിടേക്ക് റോഡ് പണിത് ശ്മശാനം പുനരുദ്ധരിക്കാന്‍ ആലോചനകള്‍ നടന്നെങ്കിലും ഒന്നുമുണ്ടായില്ല. റെയില്‍പാളം മുറിച്ചുകടന്നുള്ള തങ്ങളുടെ കുരുന്നുകളുടെ സ്കൂള്‍യാത്ര ഇവര്‍ക്ക് എന്നുമുള്ള ആധിയാണ്.സ്വന്തമായി കരമൊടുക്കി വര്‍ഷങ്ങളായി കൈവശം വെച്ചുവരുന്ന മണ്ണ് വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറാനും ഇവര്‍ക്ക് കഴിയുന്നില്ല. അസൗകര്യങ്ങളുടെ നടുവിലുള്ള വീട് വാങ്ങാന്‍ ആരും തയാറല്ല. ‘സി ക്ളാസ് പ്രോപ്പര്‍ട്ടി’ എന്ന പേരില്‍ ബാങ്കുകളും ഇവരുടെ വായ്പാപേക്ഷക്ക് വേണ്ട പരിഗണന നല്‍കുന്നില്ല. റെയില്‍പാളം താണ്ടിയത്തെുന്ന സ്ഥലമായതിനാല്‍ ബാങ്കുകളുടെ ഈട് വസ്തു മൂല്യനിര്‍ണയം വഴിപാടാകുന്നതാണ് പതിവ്. ദുരിതക്കയത്തില്‍നിന്ന് എന്നെങ്കിലും മോചനമുണ്ടാവാന്‍ അധികൃതര്‍ കണ്ണുതുറന്നെങ്കില്‍ എന്ന പ്രാര്‍ഥനയിലാണ് ഈ കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.