കെ. കേശവന്‍: ജീവിതം പോരാട്ടമാക്കിയ വിപ്ളവകാരി

ഷൊര്‍ണൂര്‍: 15ാം വയസ്സില്‍ പൊതുരംഗത്തത്തെിയ സ്വാതന്ത്ര്യസമര സേനാനി കെ. കേശവന്‍ മരണംവരെ പൊതുരംഗത്തും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 1921 ജൂണ്‍ എട്ടിന് ജനിച്ച കേശവന്‍ 1936ല്‍ കോണ്‍ഗ്രസ് അംഗമായി. 1937ല്‍ ചളവറ-മുണ്ടക്കോട്ടുകുറുശ്ശി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയന്‍റ് സെക്രട്ടറിയായി പൊതുരംഗത്ത് സജീവമായി. ഇതേവര്‍ഷം മുണ്ടക്കോട്ടുകുറുശ്ശി യു.പി സ്കൂളില്‍ അധ്യാപകനായി. ഇക്കാലത്ത് തക്കിളിയില്‍ നൂല്‍നൂല്‍പ്പും നടത്തിയിരുന്നു. ഐക്യ നാണയ സംഘത്തില്‍നിന്ന് കടം വാങ്ങിയ മുതലും പലിശയും തിരിച്ചടച്ചുവെങ്കിലും മറ്റു ചിലര്‍ വാങ്ങിയ കടം ഈടാക്കുന്നതിന് കേശവന്‍െറ വീട്ടിലെ പോത്തുകളെ ജപ്തി ചെയ്തു. തുടര്‍ന്ന് ‘പശു ചത്താലും മോരിലെ പുളി പോവില്ല’ തലക്കെട്ടില്‍ നോട്ടീസടിച്ചിറക്കി കര്‍ഷകരുടെ കൂട്ടായ്മയുണ്ടാക്കി സമരരംഗങ്ങളിലും സജീവമായി. കൊടുത്ത പാട്ട-മിച്ച വാരങ്ങള്‍ക്ക് രശീതി കിട്ടണം, പാട്ടപ്പറ മാറ്റണം, ഉണക്കവാരി ഒഴിവാക്കണം, വാഴക്കുല, എണ്ണ, നെല്ല്, തയിര്‍കുടം പാട്ടങ്ങള്‍ ഒഴിവാക്കണം എന്നിവയായിരുന്നു ആദ്യകാലത്തെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുണ്ടക്കോട്ടുകുറുശ്ശിയില്‍നിന്ന് പെരിന്തല്‍മണ്ണ വരെ കാല്‍നട ജാഥയായി നൂറുകണക്കിന് കര്‍ഷകരെ കര്‍ഷക കൂട്ടായ്മ അന്വേഷണ കമ്മിറ്റി മുമ്പാകെ തെളിവ് നല്‍കാന്‍ കൊണ്ടുപോയി. പാട്ടരശീതി ലഭിച്ചാല്‍ കര്‍ഷകന് വായിച്ച് മനസ്സിലാക്കാന്‍ പറ്റണം എന്ന ചിന്തയില്‍ രാത്രി സ്കൂള്‍ തുടങ്ങി. 1939ല്‍ യുദ്ധം തുടങ്ങിയതോടെ സ്കൂള്‍ നിരോധിച്ചു. ഒടിയന്മാരെന്ന് മുദ്രകുത്തി സവര്‍ണര്‍ അവര്‍ണരെ മര്‍ദിക്കുന്നതിനെതിരെ രംഗത്തത്തെി. 1939ല്‍ കോട്ടക്കലില്‍ നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളന്‍റിയറായി പങ്കെടുത്തു. കെ.പി.സി.സിയുടെയും മലബാര്‍ എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍െറയും ആഹ്വാനത്തോടെ 1940ല്‍ തൃക്കടീരിയില്‍ സമരം നടത്തി അറസ്റ്റ് വരിച്ചു. ഒരു വര്‍ഷം പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. ഭക്ഷണക്ഷാമമുണ്ടായ കാലത്ത് അനധികൃതമായി കടത്തുകയായിരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പിടിച്ചെടുത്ത് വിതരണം നടത്തി. നിരവധി വ്യവസായശാലകളില്‍ ആദ്യമായി തൊഴിലാളി യൂനിയനും ഉണ്ടാക്കി. 1940 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വ കാര്‍ഡ് ലഭിച്ചു. ജില്ലയില്‍ ബധിര-മൂക അസോസിയേഷന്‍, തീപ്പെട്ടി തൊഴിലാളി യൂനിയന്‍ എന്നിവ രൂപവത്കരിച്ചതും ഇദ്ദേഹമാണ്. ഫ്രീഡം ഫൈറ്റേഴ്സ് സംഘമെന്ന പേരില്‍ ഇദ്ദേഹം നേതൃത്വം നല്‍കിയ സംഘമാണ് 2000 മുതല്‍ കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് സംഘമായി മാറിയത്. മനുഷ്യാവകാശ പ്രശ്നങ്ങളും കടമകളും, പൂര്‍വകാല സ്മരണകളും ഏതാനും ഓര്‍മക്കുറിപ്പുകളും എന്നീ രണ്ട് പുസ്തകങ്ങളിറക്കിയിട്ടുണ്ട്. ആദ്യ മായന്നൂര്‍ പാലം കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. എം.പി എം.ബി. രാജേഷ്, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ മേരിക്കുട്ടി, മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍, പി. ഉണ്ണി എം.എല്‍.എ, മുന്‍ എം.എല്‍.എ എം. ഹംസ, നഗരസഭ ചെയര്‍പേഴ്സന്‍ വി. വിമല, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് എന്നിവര്‍ വീട്ടിലത്തെി അന്ത്യോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.