പാലക്കാട്: ശ്വാന സൗഹൃദ പാലക്കാട് പദ്ധതിയുടെ ഭാഗമായുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കണ്ണാടി പഞ്ചായത്തിലെ തെരുവ് നായ്ക്കള്‍ക്കാണ് ആദ്യം പിടിവീണത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ വന്ധ്യംകരണ യൂനിറ്റുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ട് ഡോക്ടറും നാല് നായപിടിത്തക്കാരും ഒരു സഹായിയും ഉള്‍പ്പെടെ ഏഴംഗ സംഘമാണ് യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ തെരുവ് നായ്ക്കളിലെ വന്ധ്യംകരണം പൂര്‍ത്തിയാക്കിയാല്‍ അടുത്ത ലക്ഷ്യം പാലക്കാട് മുനിസിപ്പാലിറ്റിയാണെന്ന് ജില്ലാ മൃഗക്ഷേമ ഓഫിസര്‍ ഡോ. എസ്. വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് വന്ധ്യംകരണത്തിന് സ്വകര്യമൊരുക്കിയിട്ടുള്ളത്. ഒരോ സഞ്ചരിക്കുന്ന കേന്ദ്രത്തിനും ചുറ്റുമുള്ള പത്ത് കിലോമീറ്ററില്‍ പെടുന്ന തെരുവ് നായ്ക്കളെ പിടിച്ചാണ് വന്ധ്യംകരണം പൂര്‍ത്തിയാക്കുന്നത്. ഒരു കേന്ദ്രത്തില്‍ ഒരു മാസം മൂന്നൂറ് നായ്ക്കളെ വരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കൂ. 88 പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷത്തോളമെടുക്കുമെന്നും ഡോ. എസ്. വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മേഖലകളിലെ വന്ധ്യംകരണ യൂനിറ്റുകള്‍ 15 ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാവുമെന്നും അദേഹം പറഞ്ഞു. ചിറ്റൂര്‍ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വന്ധ്യംകരണത്തോടൊപ്പം ഇവക്ക് വാക്സിനേഷനും നല്‍കുന്നുണ്ട്. പ്രദേശത്തെ പഞ്ചായത്തംഗങ്ങളെ കൂടി ബോധവത്കരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ അഥവാ എ.ബി.സി എന്നത് അന്താരാഷ്ട്ര തലത്തില്‍ സാര്‍വത്രികമായ ഒരു രീതിയാണ്. വിദേശരാജ്യങ്ങളില്‍ ഈ പദ്ധതി സാര്‍വത്രികമാണെങ്കിലും ഇന്ത്യയില്‍ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഒരു ജില്ലയില്‍ മുഴുവനായി ഈ പദ്ധതി നടപ്പാക്കുന്നത് ആദ്യമായിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.