ഇടവിട്ടുള്ള മഴ: കൊതുകുജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

പാലക്കാട്: ഇടവിട്ടുള്ള മഴ കാരണം കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവ പടരാന്‍ സാധ്യയയേറെയാണ്. ജില്ലയില്‍ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ ഡെങ്കിപ്പനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടതോതില്‍ എലിപ്പനിയും ഉള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയിലാണ്. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും വെയിലും കൊതുകിന് പെറ്റുപെരുകാന്‍ അനുകൂല സാഹചര്യമാണ്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ശുദ്ധമായ വെള്ളത്തിലാണ് ഇവ മുട്ടയിട്ട് പെറ്റുപെരുകുന്നത്. അതിരാവിലെയും വൈകീട്ടുമാണ് ഇവയുടെ ശല്യം കൂടുതല്‍. ഒരു കടിയില്‍കൂടി മാത്രം ഡെങ്കിവൈറസുകള്‍ മനുഷ്യരക്തത്തില്‍ കലരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കൊതുകുവളരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉറവിട നശീകരണത്തിന് മുന്‍തൂക്കം നല്‍കണം. ചിരട്ട, കുപ്പികള്‍, കണ്ടെയ്നറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. കൊതുകിന്‍െറ ഉറവിട നശീകരണത്തിനായുള്ള പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.കൊതുകു സാന്ദ്രത കൂടുതലുള്ള പാലക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളില്‍ സെപ്റ്റംബറില്‍ കൊതുക് നശീകരണത്തിന് ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണം, ഉറവിടനശീകരണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഫണ്ടനുവദിച്ചിട്ടുണ്ട്. കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നില്‍ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. മഴയില്‍ ഒഴുകിയത്തെുന്ന മലിനജലത്തില്‍ കലരുന്ന എലി വിസര്‍ജ്യത്തില്‍ നിന്നാണ് എലിപ്പനി പകരാന്‍ ഏറെ സാധ്യതയുള്ളത്. ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജലത്തെ സൂക്ഷിക്കേണ്ടതുണ്ട്. പാടത്തും കെട്ടിട നിര്‍മാണമേഖലയിലും മേഖലയിലും ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.