മതിയായ സുരക്ഷയില്ലാതെ എ.ടി.എമ്മുകള്‍

പാലക്കാട്: ജില്ലയിലെ എ.ടി.എം സെന്‍ററുകളില്‍ ഭൂരിഭാഗവും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തവ ആശങ്കയിലായി ഉപഭോക്താക്കള്‍. തിരുവന്തപുരത്തുനിന്നുള്ള എ.ടി.എം തട്ടിപ്പിന്‍െറ വാര്‍ത്തകള്‍ ദിനം പ്രതി പുറത്തുവരുമ്പോഴും ആവശ്യത്തിന് സുരക്ഷയൊരുക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നില്ല. സേവനത്തിനായി പണം വാങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് സേവനം നല്‍കാതിരിക്കല്‍ ഗണത്തില്‍പ്പെടുത്തണമെന്ന ആവശ്യവും ഇടപാടുകാര്‍ ഉയര്‍ത്തുന്നുണ്ട്. ബ്രാഞ്ചുകളില്‍ ഇടപാടുകാരുടെ തിരക്ക് ഒഴിവാക്കാനായി എ.ടി.എം സെന്‍ററുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബാങ്കുകള്‍ക്ക്. അതിന്‍െറ ഭാഗമായാണ് ചില ബാങ്കുകള്‍ തങ്ങളുടെ എ.ടി.എം സെന്‍ററില്‍ കാഷ് ഡെപ്പോസിറ്റ് സൗകര്യം കൂടി ഒരുക്കുന്നത്. ഇത്തരം കൗണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാണെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കുന്നതില്‍ ബാങ്കുകള്‍ക്ക് ശുഷ്കാന്തിയില്ല. എ.ടി.എം സുരക്ഷയുടെ പ്രഥമിക തലം തുടങ്ങുന്നത് കാവല്‍ക്കാരില്‍ നിന്നാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ നിരവധി എ.ടി.എം സെന്‍ററുകളിലാണ് കാവല്‍ക്കാരില്ലാതെ കിടക്കുന്നത്. ചിലതില്‍ രാത്രി സമയങ്ങളില്‍ മാത്രമാണ് കാവല്‍ക്കാരുടെ സേവനമുള്ളത്. എ.ടി.എം സെന്‍ററുകള്‍ക്കകത്ത് സ്ഥാപിച്ച കാമറകളാണ് മറ്റൊരു തമാശ. കാഴ്ചയില്‍ കൗണ്ടറില്‍ കയറുന്നവരെല്ലാം ബാങ്കിന്‍െറ നിരീക്ഷണത്തിലാണെന്ന് കരുതും. എന്നാല്‍, രഹസ്യമായി ചോദിച്ചാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കും പല എ.ടി.എം സെന്‍ററിലും കാമറകള്‍ പണിമുടക്കിലാണെന്ന്. ഒരു കൗണ്ടറില്‍ ഒന്നില്‍ കൂടുതല്‍ എ.ടി.എം മെഷീന്‍ സ്ഥാപിക്കുന്നത് ഇടപാടുകാരുടെ സ്വകാര്യതയാണ് ഇല്ലാതാക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച് എന്നാണ് ബാങ്ക് അധികൃതരുടെ മറുപടി. എ.ടി.എം കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മാത്രം തുറക്കുന്ന വാതിലുകളാണ് തങ്ങളുടേത് എന്നാണ് ചില ബാങ്കുകളുടെ അവകാശവാദം. എന്നാല്‍, എ.ടി.എം കാര്‍ഡ് വാതില്‍ പിടിപ്പിച്ച ഇലക്ട്രിക്പൂട്ടില്‍ സൈ്വപ്പ് ചെയ്താലേ തുറക്കൂ എന്നത് വലിയ സുരക്ഷാ വീഴ്ചക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്കിമ്മിങ് മെഷീനുകളില്‍ ഇതില്‍ സ്ഥാപിച്ചാല്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നേടാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. ഉപഭോക്താവിന്‍െറ ജാഗ്രതയാണ് പ്രധാനമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.