വിളയൂര്‍ തടയണയെ മലിനമാക്കി പുലാമന്തോള്‍ ടൗണ്‍ വികസനം

പട്ടാമ്പി: പുലാമന്തോള്‍ ടൗണില്‍ നടക്കുന്ന റോഡ് വികസനത്തില്‍ വിളയൂര്‍ തടയണ മലിനമാകുന്നു. ഇരു ഗ്രാമപഞ്ചായത്തുകളുടെയും കുടിവെള്ള സ്രോതസ്സുകളെ സമൃദ്ധമാക്കാന്‍ ലക്ഷ്യമിട്ടാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് പുലാമന്തോള്‍ പാലത്തിനു സമീപം തൂതപ്പുഴക്ക് കുറുകെ തടയണനിര്‍മിച്ചത്. പുലാമന്തോള്‍ റോഡ് വികസനം തുടങ്ങിയതോടെ വേനലില്‍ പോലും നാട്ടുകാര്‍ക്ക് കുളിരേകുന്ന തടയണയില്‍ മാലിന്യമൊഴുക്കി വിടുകയാണ്. ടൗണിലെ മലിനജലം മുഴുവന്‍ പുഴയിലേക്കത്തെിച്ചാണ് വലിയ അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നത്. തടയണയിലേക്ക് നേരിട്ട് മലിനജലവും മറ്റ് അവശിഷ്ടങ്ങളും ഒഴുക്കി വിടുന്നതില്‍ പ്രദേശ വാസികളുടെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണവും തൂതപ്പുഴയിലെ ജലസംഭരണിയില്‍ നിന്നാണ്. നിരവധിയാളുകള്‍ കുളിക്കാനും നിത്യേന ആശ്രയിക്കുന്നതാണ് തടയണ. ടൗണിന്‍െറയും പുഴയോര പ്രദേശങ്ങളുടെയും മാലിന്യം പേറി ഒഴുകുന്ന പുഴ പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് വീണ്ടും മാലിന്യമൊഴുക്കുന്നത്. ടൗണിലെ അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളുന്നത് പതിവാണ്. പല വിധത്തില്‍ പുഴ മലിനീകരിക്കപ്പെടുമ്പോള്‍ പരിഹാരം കാണേണ്ടവര്‍ മലിനീകരണത്തിന് സൗകര്യമൊരുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തടയണക്കപ്പുറത്തേക്ക് അഴുക്കുചാല്‍ എത്തിച്ച് തടയണയെ മാലിന്യമുക്തമാക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.