വൃദ്ധയുടെ സ്വര്‍ണം കവര്‍ന്ന കേസ്; പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

വള്ളിക്കുന്ന്: വൃദ്ധയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന രണ്ടുപേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. 2013ല്‍ പെരുവള്ളൂരിലെ തുപ്പിലക്കാട് ഫാത്തിമയുടെ (78) സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. കണ്ണമംഗലം ചെങ്ങാനിയിലെ നമ്പന്‍കുന്നത്ത് ശിഹാബ് (30), കണ്ണമംഗലം തോട്ടശ്ശേരിയറ പുളിക്കല്‍ ശുഹൈബ് (28) എന്നിവരെയാണ് ഇവരുടെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചംഗം സംഘമാണ് മോഷണം നടത്തിയത്. ഇതില്‍ ഒരാളെ നേരത്തേ തേഞ്ഞിപ്പലം പൊലീസ് പിടികൂടിയിരുന്നു. തനിച്ചു താമസിച്ചുവരികയായിരുന്ന ഫാത്തിമയുടെ വീട്ടില്‍ 2013 ജൂണ്‍ 22നാണ് സംഘം കവര്‍ച്ച നടത്തിയത്. പുലര്‍ച്ചെ നാലുമണിയോടെ വീടിന്‍െറ വാതില്‍ തള്ളി തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ കാതിലിലെ അഞ്ച് ചിറ്റുകള്‍ പറിച്ചെടുക്കുകയും ചെയ്തു. വലതു കാതിലിലെ സ്വര്‍ണ കമ്മലും ഊരിയെടുത്ത ശേഷം പെട്ടിയില്‍ സൂക്ഷിച്ച 4,000 രൂപയും എടുത്തുകൊണ്ടുപോവുകയും ചെയ്തു. നേരത്തേ അറസ്റ്റിലായ പ്രതികളിലൊരാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്. നിലവില്‍ പിടികൂടിയ ശുഹൈബും ഷിഹാബും മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. തേഞ്ഞിപ്പലം എസ്.ഐ പി. ചന്ദ്രന്‍, അഡീഷനല്‍ എസ്.ഐ കെ. ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ വി. സന്തോഷ് കുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.