ശമ്പളം ലഭിച്ചില്ല: ചന്ദ്രാമല എസ്റ്റേറ്റ് തൊഴിലാളികള്‍ മാനേജരെ തടഞ്ഞുവെച്ചു

നെല്ലിയാമ്പതി: ചന്ദ്രാമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ബുധനാഴ്ച വിതരണം ചെയ്യാമെന്നേറ്റ കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും മാനേജ്മെന്‍റ് നിഷേധിച്ചതിനെതിരെ തൊഴിലാളികള്‍ മാനേജരെ തടഞ്ഞ് പ്രതിഷേധിച്ചു. എസ്റ്റേറ്റിലെ സ്ത്രീകളടക്കമുള്ള 150ഓളം തൊഴിലാളികളാണ് ബുധനാഴ്ച ഉച്ചയോടെ എസ്റ്റേറ്റ് മാനേജര്‍ പ്രകാശനെ തടഞ്ഞുവെച്ചത്. പൊലീസും തൊഴിലാളി യൂനിയന്‍ നേതാക്കളും ഇടപെട്ട് എസ്റ്റേറ്റ് തൊഴിലാളികളെ അനുനയിപ്പിച്ച് വൈകീട്ട് നാലരയോടെ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ചന്ദ്രാമല തേയിലതോട്ടത്തിലെ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിരുന്നില്ല. കൂടാതെ, ബോണസ്, കഴിഞ്ഞ വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവയും അനുവദിച്ചിരുന്നില്ല. വിഷുതലേന്നാള്‍ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാമെന്ന് മാനേജ്മെന്‍റ് സമ്മതിച്ചതായി തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍, ബുധനാഴ്ച ഉച്ചവരെയും ശമ്പളമോ ആനുകൂല്യമോ ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒരുമാസത്തെ ശമ്പളം ഈ മാസം 22ന് വിതരണം ചെയ്യാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനിച്ചു. ബാക്കി ആനുകൂല്യങ്ങള്‍ സംബന്ധിച്ച് കോഴിക്കോട്ടെ കമ്പനിയുടെ ഹെഡ്ഓഫിസില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. വിഷുവിന് എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാനും തീരുമാനിച്ചു. ചന്ദ്രാമല എസ്റ്റേറ്റിലെ തേയില നുള്ളുന്ന തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച് ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.