എഴുന്നേല്‍ക്കാനാകാതെ 19 വര്‍ഷം; ഗോപാലകൃഷ്ണന്‍ കാരുണ്യം തേടുന്നു

പൂക്കോട്ടുംപാടം: കിണറ്റില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് 19 വര്‍ഷമായി കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ യാതന അനുഭവിക്കുകയാണ് പറമ്പ കണക്കന്‍ ചോലയിലെ പൂളക്കല്‍ ഗോപാലകൃഷ്ണന്‍. കിണര്‍ കുഴിക്കുന്ന ജോലി കഴിഞ്ഞ് കയറുന്നതിനിടെ പിടിവിട്ടു വീഴുകയായിരുന്നു. അരക്കു കീഴെ തളര്‍ന്ന് പലവിധ ചികിത്സകളും ശസ്ത്രക്രിയകളും നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് തുടര്‍ച്ചയായി കാലിന്‍െറ എല്ല് പൊട്ടുന്നതും മുറിവുകള്‍ സംഭവിക്കുന്നതും ദുരിതം ഇരട്ടിപ്പിച്ചു. ഇപ്പോള്‍ മല, മൂത്ര വിസര്‍ജനത്തിന് പോലും പരസഹായം വേണം. നടക്കാന്‍ പോലും കഴിയാതിരുന്ന ഗോപാലകൃഷ്ണനെ ഭാര്യ ഉപേക്ഷിച്ചു. കൂലിപ്പണിക്കാരനായ പൂളക്കല്‍ കുഞ്ഞിരാമനും ഭാര്യ ലക്ഷ്മിക്കും ഗോപാലകൃഷ്ണനെ കൂടാതെ നാല് പെണ്‍മക്കളുമുണ്ട്. കുടുംബം പുലര്‍ത്താനും മകന്‍െറ ചികിത്സക്കും ഇവര്‍ ഏറെ പ്രയാസപ്പെടുന്നു. സഹോദരിമാരുടെ വിവാഹം കഴിഞ്ഞ് പോയതോടെ അസുഖവും ഒറ്റപ്പെടലും ഗോപാലകൃഷ്ണനെ മാനസികമായും തളര്‍ത്തി. മാതാപിതാക്കള്‍ക്ക് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ പിടിപെട്ടതോടെ ഉപജീവനത്തിനുള്ള വഴിയുമടഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെയും സഹോദരിമാരുടെയും കാരുണ്യത്താലാണ് കുടുംബം കഴിയുന്നത്. കഴിഞ്ഞ ദിവസം കാലിന്‍െറ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരിക്കുകയാണ്. മാസത്തില്‍ വരുന്ന പാലിയേറ്റീവ്, പരിരക്ഷ പ്രവര്‍ത്തകരാണ് ഏക ആശ്വാസം. 19കാരനായ മകന്‍ അഖില്‍ ഇടക്കിടെ കാണാനത്തെുന്നതും സന്തോഷം പകരുന്നുണ്ട്. ഇതിനിടെ ആശ്രയ പദ്ധതി പ്രകാരം വീട് നിര്‍മിക്കാന്‍ പഞ്ചായത്തിന്‍െറ രണ്ട് ലക്ഷം രൂപ ലഭിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല. നിലവിലുള്ള വീട് നിലംപൊത്താറായ അവസ്ഥയിലാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് കേരള ഗ്രാമീണ ബാങ്ക് പൂക്കോട്ടുംപാടം ശാഖയില്‍ 40132100109202 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.