പ്രചാരണം മുറുകുന്നു; തരൂരില്‍ അനിശ്ചിതത്വം ബാക്കി

പാലക്കാട്: ജില്ലയില്‍ തരൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. തരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സി. പ്രകാശന്‍ ഇടം പിടിച്ചെങ്കിലും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്‍െറ സീറ്റ് എന്ന നിലയില്‍ അന്തിമ തീരുമാനമായില്ല. സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ചൊവ്വാഴ്ചയും അനിശ്ചിതത്വമൊഴിഞ്ഞില്ല. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സോണിയഗാന്ധി ഒപ്പിട്ട് ഐ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സി. പ്രകാശന്‍െറ പേരുണ്ട്. എന്നാല്‍, 2011ല്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം മത്സരിച്ചതിനാല്‍ യു.ഡി.എഫിലുണ്ടാവുന്ന ധാരണപ്രകാരമേ കോണ്‍ഗ്രസിന് സീറ്റ് തിരിച്ചെടുക്കാന്‍ പറ്റുകയുള്ളൂ. നിലവില്‍ പിറവത്തുമാത്രമാണ് ജേക്കബ് വിഭാഗം സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുള്ളത്. തരൂര്‍ സംവരണ സീറ്റ് വേണ്ടെന്നും ഇതിനുള്ള സംഘടനശേഷി മണ്ഡലത്തിലില്ളെന്നും ജേക്കബ് വിഭാഗം ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെത്രെ. എന്നാല്‍, സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്നാണ് അറിയുന്നത്. തരൂരില്‍ യു.ഡി.എഫ് തീരുമാനമെന്തെന്നത് സംബന്ധിച്ച് ഡി.സി.സി നേതൃത്വത്തിനും വ്യക്തമായ മറുപടിയില്ല. സ്ഥാനാര്‍ഥി ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. മുന്‍ മന്ത്രി എ.കെ. ബാലനാണ് തരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി. പ്രകാശനായി ബോര്‍ഡും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീടുണ്ടായ അനിശ്ചിതത്വം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒറ്റപ്പാലത്ത് മഹിള കോണ്‍ഗ്രസ് നേതാവ് ശാന്ത ജയറാമിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തുണ്ട്. ഡി.സി.സി നിര്‍ദേശിച്ചവരെ തഴഞ്ഞതിലാണ് ഇവരുടെ പ്രതിഷേധം. ഇത് യു.ഡി.എഫിന്‍െറ പ്രചാരണത്തിന് തടസ്സമായിട്ടുണ്ട്. കോങ്ങാടും മലമ്പുഴയിലും കോണ്‍ഗ്രസിലെ പടലപിണക്കം സ്ഥാനാര്‍ഥികള്‍ക്ക് വിനയായി. മലമ്പുഴയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയിയെയും കോങ്ങാട് പന്തളം സുധാകരനെയും സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തിലാണ്. നെന്മാറയില്‍ മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥിന് സീറ്റ് നല്‍കിയതിനെതിരെ ‘ഐ’ വിഭാഗത്തിലെ പ്രമുഖര്‍ ഗ്രൂപ് യോഗം ചേര്‍ന്ന് നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചിറ്റൂരില്‍ സിറ്റിങ് എം.എല്‍.എ കെ. അച്യുതനെതിരെ കെ. കൃഷ്ണന്‍കുട്ടിയെ മത്സരിപ്പിക്കാന്‍ ജനതാദള്‍(എസ്) തീരുമാനിച്ചു. എല്‍.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമായെങ്കിലും ഒറ്റപ്പാലത്ത് പി. ഉണ്ണിയെയും ഷൊര്‍ണൂരില്‍ പി.കെ. ശശിയെയും സ്ഥാനാര്‍ഥിയാക്കിയതിനെതിരെ സി.പി.എം പ്രാദേശിക ഘടകങ്ങളില്‍ എതിര്‍പ്പ് രൂക്ഷമാണ്. ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ. കുശലകുമാര്‍ വീണ്ടും ജനവിധി തേടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.