പാലക്കാട്: മലമ്പുഴ ഡാമിലേക്കുള്ള മുഖ്യ ജലസ്രോതസ്സുകളിലൊന്നായ മൈലാടി പുഴയില്‍ തടയണ നിര്‍മിച്ച് സ്വകാര്യ എസ്റ്റേറ്റിലെ കൈതച്ചക്ക കൃഷിക്ക് വെള്ളം ചോര്‍ത്തുന്നു. കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയിലുള്ള മലമ്പുഴ ഡാമിലേക്ക് അടുപ്പുകൂട്ടിമലയില്‍നിന്ന് ഒഴുകിവരുന്ന പുഴയാണ് മൈലാടി. വേനല്‍ക്കാലത്തും ഒഴുക്കുള്ള പുഴയില്‍ പത്ത് ഇഞ്ച് കനമുള്ള പൈപ്പിട്ടാണ് വെള്ളം ചോര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഏലക്ക എസ്റ്റേറ്റിന് താഴെ കൂടിയാണ് പുഴ ഒഴുകുന്നത്. കൈതച്ചക്ക കൃഷിയില്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ഇവ ഒഴുകിയത്തെി മൈലാടിപ്പുഴ മലിനമാവുകയും ചെയ്യുന്നു. 300 ഏക്കറോളം വരുന്ന സ്ഥലത്തെ വെട്ടി തീര്‍ന്ന റബര്‍ മരങ്ങള്‍ മുറിച്ച് മാറ്റിയശേഷം ഇവിടെ മുഴുവന്‍ കൈതച്ചക്ക കൃഷി ചെയ്തുവരികയാണ്. കൃഷിക്കാവശ്യമുള്ള വെള്ളം പൈപ്പിട്ട് ചോര്‍ത്തിയെടുക്കുന്നതിനാല്‍ പുഴയുടെ താഴേക്കുള്ള ഒഴുക്ക് നിലച്ചിരിക്കുകയാണ്. പുഴക്ക് കുറുകെ മണല്‍ ചാക്കും പാറക്കല്ലുകളും അടുക്കിവെച്ചാണ് താല്‍ക്കാലിക തടയണ നിര്‍മിച്ചിട്ടുള്ളത്. വേനല്‍ക്കാലത്ത് കാടിറങ്ങുന്ന ആനകളും കാട്ടുപോത്തുകളും മാനും പന്നിയുമൊക്കെ ഈ പുഴയിലാണ് വെള്ളം കുടിക്കാന്‍ വരുന്നത്. ആറ് മാസം മുമ്പ് ഒരു കുട്ടിയാനയെ എസ്റ്റേറ്റ് പരിസരത്ത് ചത്തനിലയില്‍ കണ്ടിരുന്നു. പൈനാപ്പിള്‍ കൃഷിക്ക് നിരോധിത കീടനാശികളുള്‍പ്പെടെ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിനെതിരെ മലമ്പുഴ ഗ്രാമപഞ്ചായത്ത് അയല്‍സഭായോഗത്തില്‍ കൈതച്ചക്ക കൃഷി നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഏമൂര്‍ ദേവസ്വം പാട്ടത്തിന് നല്‍കിയ എസ്റ്റേറ്റാണിത്. ഇവിടത്തെ കടുംവെട്ട് കഴിഞ്ഞ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പുതിയ റബര്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ മൂന്ന് വര്‍ഷത്തേക്ക് കരാറെടുത്ത വ്യക്തിയാണിപ്പോള്‍ കൈതച്ചക്ക കൃഷി ചെയ്തുകൊണ്ടിരിക്കുന്നത്. അതികഠിനമായ വേനലില്‍ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുഴക്ക് കുറുകെ തടയണ നിര്‍മിച്ച് വെള്ളം ചോര്‍ത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നും പുഴയുടെ ഒഴുക്ക് തടഞ്ഞുനിര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മലമ്പുഴ ഡാം സംരക്ഷണ സമിതി പരാതി നല്‍കുമെന്ന് സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.