മാലിന്യവുമായി വന്ന വാഹനം നാട്ടുകാര്‍ 13 മണിക്കൂര്‍ തടഞ്ഞിട്ടു

അലനല്ലൂര്‍/വെട്ടത്തൂര്‍: റോഡരികില്‍ തള്ളാന്‍ മൂന്ന് ടണ്ണോളം മാലിന്യവുമായി എത്തിയ മിനിലോറി നാട്ടുകാര്‍ 13 മണിക്കൂറോളം തടഞ്ഞിട്ടു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച ആശുപത്രി മാലിന്യം, കോഴിമാലിന്യം, ഫാക്ടറി മാലിന്യം എന്നിവയാണ് പാതയോരങ്ങളില്‍ തള്ളാന്‍ വെട്ടത്തൂരിലേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രധാന ഏജന്‍റടക്കം നാലുപേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏജന്‍റായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി മത്തേന്‍ മരക്കാരകത്ത് ഉമ്മര്‍കോയ (55), വെട്ടത്തൂര്‍ കാപ്പ് അമാനത്ത് നജീബ് റഹ്മാന്‍ (24), കൊണ്ടോട്ടി മഠത്തില്‍കുണ്ടന്‍ മുജീബ് റഹ്മാന്‍ (24), വെട്ടത്തൂര്‍ കാപ്പ് കോരനാത്ത് അഫ്സല്‍ (27) എന്നിവരെയാണ് മേലാറ്റൂര്‍ അഡീഷനല്‍ എസ്.ഐ ടി.എം. ആന്‍റണി അറസ്റ്റ് ചെയ്തത്. വെട്ടത്തൂരിലെ സബ് ഏജന്‍റുമാര്‍ തമ്മില്‍ തര്‍ക്കം മൂലമുണ്ടായ കൈയാങ്കളിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെടാന്‍ കാരണം. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വെട്ടത്തൂര്‍ കാപ്പ്-കാളമ്പാറ റോഡില്‍ മാലിന്യം തള്ളുന്നതിനിടെ മാലിന്യം തള്ളലിന് കരാറെടുത്ത രണ്ട് ഏജന്‍റുമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ലോറി ഡ്രൈവറെ ഒരു ഏജന്‍റ് മര്‍ദിക്കുകയും ചെയ്തു. രണ്ട് ഏജന്‍റുമാരാണ് വെട്ടത്തൂരിലുള്ളത്. ഇതില്‍ ഒരാളുമായി പ്രധാന ഏജന്‍റ് തര്‍ക്കത്തിലായിരുന്നു. വെട്ടത്തൂരിലെ ഒരു ഏജന്‍റിന് മാത്രം ലോഡ് നല്‍കിയതാണ് മറ്റേയാളെ ചൊടിപ്പിച്ചത്. കൈയാങ്കളിക്കിടെ മാലിന്യം തള്ളാനത്തെിയ വിവരം ഇതില്‍ ഒരാള്‍ പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് എത്തുന്നതിനുമുമ്പ് ലോറി ഉപേക്ഷിച്ച് ഡ്രൈവറും ഏജന്‍റുമാരും മുങ്ങി. ലോറിയിലുണ്ടായിരുന്ന ജോലിക്കാരനെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സ്റ്റേഷനിലേക്ക് വാഹനം നീക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ, മാലിന്യവുമായി വന്നവരെ പിടികൂടാതെ ലോറി കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ 6.30ഓടെ അഡീഷനല്‍ എസ്.ഐ സ്ഥലത്തത്തെി പ്രധാന ഏജന്‍റ് ഉമ്മറിനെ കോഴിക്കോട്ടുനിന്ന് തന്ത്രത്തില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെട്ടത്തൂര്‍ സ്വദേശികളായ രണ്ടുപേരെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇതിനിടെ ചിലര്‍ വാഹനത്തിന്‍െറ കാറ്റഴിച്ചുവിട്ടു. മാലിന്യം ചീഞ്ഞളിഞ്ഞതിനെതുടര്‍ന്ന് മണിക്കൂറുകളോളം ദുര്‍ഗന്ധം വമിച്ചത് പ്രദേശവാസികള്‍ക്ക് ദുരിതമായി. മാലിന്യം ഉച്ചയോടെ വെട്ടത്തൂര്‍ പഴയ കൃഷിഭവന് സമീപം കുഴിച്ചുമൂടാന്‍ തീരുമാനമായെങ്കിലും ഇവിടെയും പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. പിന്നീട് കുഴിക്ക് ആഴം കൂട്ടി മൂന്നരയോടെയാണ് കുഴിച്ചിട്ടത്. മേലാറ്റൂര്‍, പാണ്ടിക്കാട് സ്റ്റേഷനുകളിലെ അഡീ. എസ്.ഐമാരായ കെ.പി. അബ്ദുറഹ്മാന്‍, കെ. മുഹമ്മദ്, ശശിധരന്‍, എ.എസ്.ഐമാരായ സുബൈര്‍, സുരേഷ്, സി.പി.ഒ ആസിഫ് അലി എന്നിവര്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ രണ്ടാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡ്രൈവറടക്കം നാലു പേര്‍ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.