പ്രതീകാത്മക ചിത്രം

പാലക്കാട് നഗരസഭ; ചെയർമാൻ സ്ഥാനത്തിനായി ബി.ജെ.പിയിൽ പിടിവലി

പാലക്കാട്: നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയിൽ ചെയർമാൻ സ്ഥാനത്തിനായി പിടിവലി. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർമാനായിരുന്ന ഇ. കൃഷ്ണദാസും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന പി. സ്മിതേഷും ആണ് ഇത്തവണ വിജയിച്ച പ്രമുഖർ. കൃഷ്ണദാസ് സംസ്ഥാന ട്രഷററും സ്മിതേഷ് ജില്ല ജനറൽ സെക്രട്ടറിയുമാണ്. ഇരുവരും സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിന്‍റെ എതിർചേരിയിൽപെട്ടവരാണ്. നഗരത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിനെ തോൽപിച്ചാണ് സ്മിതേഷ് വീണ്ടും കൗൺസിലറായത്.

ഇരുവരുടെയും പേരുകൾ തുല്യമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അധ്യക്ഷനെ പാർട്ടി തീരുമാനിക്കുമെന്ന് നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരൻ പറയുന്നു. ചെയർമാൻ സ്ഥാനം ജനറലാണ്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അയ്യപുരം വാർഡ് കൗൺസിലറും സി. കൃഷ്ണകുമാറിന്‍റെ ഭാര്യയുമായ മിനി കൃഷ്ണകുമാറിന്‍റെ പേരാണ് ഉയർന്നുകേൾക്കുന്നത്. അതേസമയം, ബി.ജെ.പി ഭരണത്തിലെത്തുന്നത് തടയാൻ മതേതര സഖ്യം ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും കോൺഗ്രസും സി.പി.എമ്മും തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസ് വിമതനെ മുന്നിൽ നിർത്തി ഭരണം പിടിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. എന്നാൽ, പാലക്കാട് നഗരം ഭരിക്കാൻ ജനങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്നത് ബി.ജെ.പിയെ ആണെന്ന് മുതിർന്ന നേതാവ് എൻ. ശിവരാജൻ പ്രതികരിച്ചു. ജനാധിപത്യമായി തങ്ങളെ ഭരിക്കാൻ അനുവദിക്കുകയാണ് കോൺഗ്രസിന് നല്ലതെന്നും അല്ലെങ്കിൽ പാലക്കാട് നഗരത്തിൽ കോൺഗ്രസ് സ്വയം നശിക്കുമെന്നും ശിവരാജൻ പറയുന്നു. കഴിഞ്ഞ പത്ത് വർഷം ബി.ജെ.പി ഭരിച്ചിട്ടും പാലക്കാട്ടെ മതേതരത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

സി.പി.എം എന്ന പാർട്ടി തകർന്ന് പാലക്കാട്ട് ഇല്ലാതാവണമെങ്കിൽ ഈ സഖ്യം നല്ലതാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴി പോസ്റ്ററുമായി പ്രതിഷേധം നടത്തിയവരാണ് സി.പി.എം. എങ്ങനെയാണ് സി.പി.എം കോൺഗ്രസുമായി കൂട്ടുകൂടുകയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് പാലക്കാട് മണ്ഡലത്തിലുള്ളത്. അതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതൃത്വം അന്ന് ആവശ്യപ്പെടാതിരുന്നതെന്നും ശിവരാജൻ പറഞ്ഞു.

ഡിസംബർ 21ന് ആണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനുശേഷം ചേരുന്ന യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതിയും സമയവും സംബന്ധിച്ച തെരഞ്ഞെടുപ്പ് കമീഷന്‍റെ അറിയിപ്പ് സെക്രട്ടറി വായിക്കും. മൂന്നു ദിവസത്തെ നോട്ടീസ് നൽകിയശേഷമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനാൽ ക്രിസ്മസിന് ശേഷമാകും തെരഞ്ഞെടുപ്പ്. അതിനുമുമ്പ് ബി.ജെ.പിക്ക് ചെയർമാൻ സംബന്ധിച്ചും സി.പി.എമ്മിനും കോൺഗ്രസിനും മതേതര സഖ്യം സംബന്ധിച്ചും ധാരണയുണ്ടാക്കണം.

Tags:    
News Summary - Palakkad Municipality; BJP in fray for chairman post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.