ജില്ലയില്‍ വായ്പാ–നിക്ഷേപ അനുപാതത്തില്‍ ഇടിവ്

പാലക്കാട്: ജില്ലയില്‍ വായ്പാ-നിക്ഷേപ അനുപാതത്തില്‍ വീണ്ടും കുറവ് വന്നതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 2015 ജൂണ്‍ 30 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ അനുപാതം 72 ശതമാനമാണ്. 2014 ജൂണില്‍ 79 ശതമാനവും 2013 ജൂണില്‍ 81ശതമാനവുമായിരുന്നു ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം. കഴിഞ്ഞ ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 22,969 കോടി രൂപയാണ് ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിച്ചത്. വായ്പയായി നല്‍കിയത് 16,590 കോടി രൂപയും. 2014ല്‍ ആകെ നിക്ഷേപം 18,639 കോടിയും നിക്ഷേപം 14,808 കോടിയുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 4330 കോടിയുടേയും വായ്പയില്‍ 1781 കോടിയുടേയും വര്‍ധനയുണ്ട്. പ്രവാസി നിക്ഷേപത്തിലെ വര്‍ധനയാണ് വായ്പ-നിക്ഷേപ അനുപാതത്തിലെ കുറവിന് കാരണമെന്ന് യോഗം വിലയിരുത്തി. എറ്റവും താഴ്ന്ന വരുമാനക്കാര്‍ക്ക് അനുവദിക്കേണ്ട ഡിഫ്രന്‍ഷ്യല്‍ റേറ്റ് ഓഫ് ഇന്‍ററസ്റ്റ് (ഡി.ആര്‍.ഐ) വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ താല്‍പര്യമെടുക്കുന്നില്ളെന്ന് യോഗം ചൂണ്ടിക്കാട്ടി. മൊത്തം വായ്പയുടെ ഒരു ശതമാനം ഡി.ആര്‍.ഐ വായ്പയായി നല്‍കണമന്ന് നിര്‍ദേശമുണ്ടെങ്കിലും നാമമാത്രമാണ് ഈ ഗണത്തില്‍ അനുവദിച്ചത്. ജില്ലയുടെ സര്‍വോന്മുഖ വികസനത്തിന് സഹായകമായ നല്ല പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി യോഗത്തില്‍ പറഞ്ഞു. കാര്‍ഷിക ജില്ലയെന്ന നിലക്ക് പാലക്കാട് കാര്‍ഷിക മേഖലയെ സഹായിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. ജില്ലാ ഭരണകൂടവും ബാങ്കുകളും തമ്മില്‍ നല്ല സഹകരണമാണുള്ളത്. ഇത് തുടര്‍ന്നും നിലനിര്‍ത്തണം. റവന്യു റിക്കവറിയിലേക്ക് വിട്ട കേസുകള്‍ പുറത്തു ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കനറാ ബാങ്ക് അഡീ. ജനറല്‍ മാനേജര്‍ രവികുമാര്‍, റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ കെ.ആര്‍. രാധാകൃഷ്ണന്‍, നബാര്‍ഡ് ഡി.ഡി.എം രമേഷ് വേണുഗോപാല്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.എസ്. പ്രദീപ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. രാധാകൃഷ്ണന്‍, എം.വി. വെങ്കിടേശ്വരന്‍, ജോസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.