യന്ത്രവാടകയില്‍ വന്‍ വര്‍ധന; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പാലക്കാട്: കാര്‍ഷിക യന്ത്രവാടകയിലുള്ള വന്‍ വര്‍ധന കര്‍ഷകരെ വലക്കുന്നു. മുന്‍കാലങ്ങളില്‍ ഡീസല്‍, പെട്രോള്‍ വില വര്‍ധന ചൂണ്ടിക്കാട്ടിയാണു യന്ത്രവാടക ഉയര്‍ത്തിയിരുന്നതെങ്കില്‍ എണ്ണ വില കുറഞ്ഞിട്ടും വാടക ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കൊയ്ത്തു യന്ത്രത്തിന് 1800 രൂപയായിരുന്നു മണിക്കൂറിന് വാടക. എന്നാല്‍, ഈ വര്‍ഷം 2000-2200 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 1200 രൂപ മാത്രമാണ് വാടക. എന്നാല്‍, ചെറിയൊരു ശതമാനം കര്‍ഷകര്‍ക്കു പോലും സര്‍ക്കാര്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ലഭിക്കാറില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള കൊയ്ത്ത്, മെതി, നടീല്‍ യന്ത്രങ്ങളാണു കര്‍ഷകര്‍ക്കു ശരണം. ഈ യന്ത്രങ്ങള്‍ക്കു തമിഴ്നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഈടാക്കുന്ന വാടക തുലോം കുറവാണ്. ഇടത്തട്ടുകാരാണ് വാടക ഉയര്‍ത്തുന്നതിനു പിന്നിലുള്ളത്. നിലമൊരുക്കല്‍, കൊയ്ത്ത്, നടീല്‍ സീസണാകുമ്പോള്‍, അന്യസംസ്ഥാന യന്ത്ര ഉടമകള്‍ ഈ ഇടത്തട്ടുകാരെയാണു പണിക്കായി ആശ്രയിക്കുന്നത്. അതുവഴി ഇടത്തട്ടുകാര്‍ നിശ്ചയിക്കുന്ന വാടകക്കു യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണ്. സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ കൈപ്പറ്റിയശേഷമാണ് ഈ യന്ത്ര ഉടമകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. ഓട്ടോ, ടാക്സി, ലോറി തുടങ്ങിയ വാഹനങ്ങള്‍ക്കു വാടക നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു നല്‍കുന്ന രീതി കാര്‍ഷിക യന്ത്രങ്ങളുടെ കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.