മണ്ണ് മാഫിയ വാഴുന്ന പടിഞ്ഞാറന്‍ മേഖല

ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ കൊഴിക്കരയുള്‍പ്പെടെയുള്ള മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. ജിയോളജിക്കല്‍ പാസ് ഉപയോഗിച്ചാണ് തൃശൂര്‍, മലപ്പുറം ജില്ലകളിലേക്ക് മണ്ണ് കടത്തുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മാഫിയകള്‍ക്ക് പാസ് ലഭിക്കുന്നത്. വീട് നിര്‍മാണത്തിനെന്ന പേരില്‍ ഹൈകോടതിയില്‍നിന്ന് അനുമതി വാങ്ങിയും പഞ്ചായത്ത് അധികൃതരില്‍ സ്വാധീനം ചെലുത്തി കെട്ടിട നിര്‍മാണത്തിനും അനുമതി വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി കെട്ടിട അനുമതികളാണ് കപ്പൂര്‍ പഞ്ചായത്തില്‍നിന്ന് മാഫിയ സംഘങ്ങള്‍ ഒപ്പിച്ചെടുത്തിരിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കപ്പൂര്‍ പഞ്ചായത്തിലെ മണ്ണെടുപ്പ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ കുന്നിടിക്കലിനെതിരെ കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് തീവെട്ടികൊള്ള അരങ്ങേറുന്നത്. കൊഴിക്കരക്ക് പുറമെ എന്‍ജിനീയര്‍ റോഡ്, പറക്കുളംകുന്നിന് സമീപ പ്രദേശങ്ങളില്‍നിന്ന് വ്യാപകമായ തോതില്‍ മണ്ണെടുപ്പ് നടക്കുന്നുണ്ട്. കുന്നിടിക്കല്‍ കാരണം പലകുടുംബങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്. മഴപെയ്യുന്ന സമയങ്ങളില്‍ മണ്ണെടുത്ത കുന്നിന്‍െറ ബാക്കി ഭാഗങ്ങള്‍ ഇടിഞ്ഞ് വീഴുന്നുണ്ട്. വീടുകള്‍ക്ക് സമീപത്തുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ചെറുത്തുനിന്നെങ്കിലും മാഫിയയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.