ഐ.ഐ.ടി സ്ഥിരം കാമ്പസ്: സ്ഥലമേറ്റെടുക്കല്‍ ഉടന്‍

പാലക്കാട്: ഐ.ഐ.ടിക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലത്തിന്‍െറ സര്‍വേ പൂര്‍ത്തിയായി. കഞ്ചിക്കോടിനടുത്ത് പുതുശ്ശേരി വെസ്റ്റിലെ 500 ഏക്കറാണ് അളന്നുതിട്ടപ്പെടുത്തിയത്. കാമ്പസിലേക്കുള്ള പ്രവേശകവാടത്തില്‍ ഭവനനിര്‍മാണക്കമ്പനി വാങ്ങിയ സ്ഥലവും കാമ്പസിനായി ഏറ്റെടുക്കും. ഇതിന്‍െറ രേഖകളുടെ പരിശോധന മാത്രമാണ് ബാക്കിയുള്ളതെന്ന് സ്ഥലമേറ്റെടുപ്പ് അധികാരി കെ. ഷെരീഫ് അറിയിച്ചു. അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തോടുചേര്‍ന്നുള്ള ചെറിയ മേഖലകൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കും. സ്വകാര്യവ്യക്തികളുടെ 366. 39 ഏക്കറാണ് ഏറ്റെടുക്കാനുള്ളത്. 250ല്‍പരം പേരുടെ ഉടമസ്ഥതയിലാണിത്. ന്യായവിലയാണ് നല്‍കുക. ഇതിനായുള്ള വില നിശ്ചയിക്കലും സ്ഥലമേറ്റെടുക്കലും ഉടന്‍ ആരംഭിക്കും. 160 കോടി ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. കാമ്പസിന് നിര്‍ദേശിക്കപ്പെട്ട സ്ഥലപരിധിക്കകത്തുണ്ടായിരുന്ന വനംവകുപ്പിന്‍െറ 70 ഏക്കര്‍ ഏറ്റെടുത്തു. ഇതിനുപകരമായി ജില്ലയില്‍ ഏറ്റവും വിലകുറഞ്ഞ സ്ഥലത്ത് തത്തുല്യമായ ഭൂമി വനംവകുപ്പിന് ഏറ്റെടുത്തു നല്‍കും. കാമ്പസിനായി നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് സര്‍ക്കാറിന് സ്വന്തമായി 70. 02 ഏക്കര്‍ ഭൂമിയുണ്ട്. ഇത് റവന്യൂ വകുപ്പിന്‍െറ കൈയിലാണ്. ഇവയെല്ലാംകൂടി ഉള്‍പ്പെടുത്തിയാണ് 500 ഏക്കര്‍ മതില്‍കെട്ടി ഐ.ഐ.ടിക്ക് കൈമാറുക. ചുറ്റുമതില്‍ കെട്ടി സ്ഥലം കൈമാറുന്നതിന് ചുരുങ്ങിയത് രണ്ടുമാസമെടുക്കും. ഡിസംബറിനുള്ളില്‍ സ്ഥലം കൈമാറണമെന്നാണ് വ്യവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.