കളമൊഴിയാതെ വിമതര്‍

പാലക്കാട്: പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിപ്പിച്ചിട്ടും കളമൊഴിയാതെ വിമതര്‍. ഇരു മുന്നണികള്‍ക്കും ബി.ജെ.പിക്കും റിബലുകള്‍ ഭീഷണിയാണ്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മുന്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്സനുമായ പി. രമണീഭായ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഇവര്‍ മുനിസിപ്പല്‍ ആസ്ഥാനമുള്‍പ്പെടുന്ന 41ാം വാര്‍ഡില്‍ സ്വതന്ത്രയായി പത്രിക നല്‍കി. ഇതേവാര്‍ഡില്‍ യു.ഡി.എഫിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി രാജേശ്വരി ജയപ്രകാശിനെതിരെ കോണ്‍ഗ്രസിന്‍െറ സിറ്റിങ് കൗണ്‍സിലര്‍ സാവിത്രി വത്സലകുമാര്‍ പത്രിക നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ പിന്‍വലിച്ചു. അതേസമയം, വിമത സ്ഥാനാര്‍ഥി പി. രമണീഭായിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാവിത്രി വത്സലകുമാര്‍ അറിയിച്ചു. പാര്‍ട്ടി പദവികള്‍ രാജിവെച്ചുകൊണ്ട് രമണിഭായ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സാവിത്രി വത്സലകുമാര്‍ പങ്കെടുത്തു. നഗരസഭയിലെ 31ാം വാര്‍ഡില്‍ മുസ്ലിം ലീഗ് നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടി.എ. അബ്ദുല്‍ അസീസിനെതിരെ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സെയ്തലവി പൂളക്കാട് മത്സരരംഗത്തുണ്ട്. ഇവിടെ പത്രിക നല്‍കിയ വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ഖാജാഹുസൈന്‍ പത്രിക പിന്‍വലിച്ചു. കല്‍പ്പാത്തിയില്‍ ബി.ജെ.പി ഒൗദ്യോഗിക സഥാനാര്‍ഥിക്കെതിരെ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റും മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റുമായ ഗാന കൃഷ്ണന്‍ വിമതയായി പത്രിക നല്‍കി. മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ സി.പി.എം വിമത സ്ഥാനാര്‍ഥി മത്സരരംഗത്തുണ്ട്. മേലാര്‍കോട് ഗ്രാമപഞ്ചായത്തില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷണ്‍മുഖാനന്ദന്‍ രാജി നല്‍കി. കോട്ടോപ്പാടം, കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്തുകളില്‍ ലീഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. അലനല്ലൂര്‍ ജില്ലാ ഡിവിഷനില്‍ ലീഗിന് വിമതഭീഷണിയുണ്ട്. അതേസമയം, സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ കൗണ്‍സിലര്‍ കിദര്‍ മുഹമ്മദ് പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധം ഷാഫി പറമ്പില്‍ എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. കുന്നത്തൂര്‍മേട് നോര്‍ത്തില്‍ ഇദ്ദേഹം നല്‍കിയ പത്രിക പിന്‍ലവിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തംഗവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാരി രവി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അയച്ചതായി ഇവര്‍ അറിയിച്ചു. തിരുവേഗപ്പുറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇവര്‍ വിമതയായി പത്രിക നല്‍കി പ്രചാരണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.