അലനല്ലൂർ: പി.കെ. ശശിയെ തരം താഴ്ത്തി ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ച കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ നായാടിപാറ 35 വർഷങ്ങൾക്ക് ശേഷം എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിന്റെ കൈകളിൽ എത്തി. അസംതൃപ്തരായ സി.പി.എം അനുഭാവികളുടെ പ്രതിഷേധമാണ് വോട്ടിലൂടെ പ്രതിഫലിച്ചത്. സി.പി.എം കൈവശം വെച്ചിരുന്ന കണ്ടമംഗലം, പത്തങ്ങം വാർഡും ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 25 വർഷമായി എൽ.ഡി.എഫ് വിജയിച്ച പെരുമ്പടാരി വാർഡും യു.ഡി.എഫിന് ലഭിച്ചു. എടത്തനാട്ടുകര പ്രദേശത്തെ 10 വാർഡുകളിൽ ഒമ്പത് വാർഡിൽ യു.ഡി.എഫ് വിജയിച്ചു. നാല് സി.പി.എം സിറ്റിങ് സീറ്റുകളാണ് ഇവിടെനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തത്. കൈരളി വാർഡിൽ മത്സരിച്ച ശശി പക്ഷക്കാരനായ എ. അനിൽകുമാർ മാത്രമാണ് എടത്തനാട്ടുകരയിൽനിന്ന് വിജയിച്ചത്.
അദ്ദേഹത്തിന് എട്ട് വോട്ടുകളുടെ ഭൂരിപക്ഷമാണ്.ഔദ്യോഗിക പക്ഷകാരായ സ്ഥാനാർഥികൾ മുഴുവൻ തോറ്റു. 22ാം വാർഡ് ആലുംകുന്നിൽ മുൻ ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷിന്റെ നേതൃത്വത്തിൽ വാർഡ് പിടിച്ചടക്കാൻ പോരാടിയെങ്കിലും സി.പി.എമ്മിലെ വിഭാഗിയതയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇവിടെ വെൽഫെയർ പാർട്ടി സ്വതന്ത്രൻ ജമാലുദ്ദീൻ രണ്ടാം സ്ഥാനത്ത് എത്തി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ ചളവ, കുഞ്ഞുകുളം, കോട്ടപ്പള്ള വാർഡുകൾ വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.
വിഭാഗിയതയിൽ യു.ഡി.എഫിന് വോട്ട് ചെയ്ത സി.പി.എം. അനുഭാവികൾക്ക് നന്ദി അറിയിച്ചാണഎ ആഹ്ലാദ പ്രകടനം കടന്ന് പോയത്. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും സിറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു. അമ്പലപ്പാറയിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ എതിർ ചേരിയിലെ വിഭാഗത്തിലുള്ള കുട്ടിയുടെ ദേഹത്തേക്ക് പടക്കം എറിഞ്ഞു എന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് പ്രവർത്തകരുമായി സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇരുവിഭാഗത്തിലെ ആളുകൾ ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 24 വാർഡുകളിൽ 20 വാർഡുകളിൽ യു.ഡി.എഫ്. വിജയിച്ചു.
നാല് വാർഡുകളിൽ മാത്രമാണ് എൽ.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞത്.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിൽ 24 വാർഡുകളിൽ 19 സീറ്റിൽ യു.ഡി.എഫും. അഞ്ച് വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.