മേലേ മൂലക്കൊമ്പിലെ ഉരുള്‍പൊട്ടല്‍: നശിച്ചത് 30 ഏക്കര്‍ കൃഷി

അഗളി: കഴിഞ്ഞദിവസം മേലേ മൂലക്കൊമ്പിലുണ്ടായ ഉരുള്‍പൊട്ടലില്‍ നശിച്ചത് 30 ഏക്കറോളം സ്ഥലത്തെ കൃഷി. ഉറവങ്കരപ്പള്ളം തോടിന് ഇരുകരകളിലുമായാണ് വന്‍തോതില്‍ കൃഷി നശിച്ചത്. ഉദ്യോഗസ്ഥര്‍ കൃഷി നാശത്തിന്‍െറ കണക്കെടുപ്പ് തുടങ്ങി. വ്യാപക കൃഷിനാശമുണ്ടായതിനാല്‍ അടിയന്തരമായി ഇതിന്‍െറ കണക്കെടുക്കാന്‍ കൃഷിഭവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഉരുള്‍പൊട്ടലുണ്ടായ പുതൂര്‍ പഞ്ചായത്തിലെ സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. ഉറവങ്കരപ്പള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ മേലേ മൂലക്കൊമ്പ് ഊരിലേക്കും വനത്തിനകത്ത് ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തേക്കും കലക്ടര്‍ക്ക് പോകാനായില്ല. സംഭവസ്ഥലത്തെ കൃഷിനാശങ്ങളും മറ്റ് നാശനഷ്ടങ്ങളും റവന്യൂ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പ്രദേശവാസികളോടും കലക്ടര്‍ ചോദിച്ചറിഞ്ഞു. ഉച്ചക്ക് രണ്ടോടെ പുതൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ അടിയന്തര യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേലേ മൂലക്കൊമ്പിലേക്കുള്ള റോഡ് പഞ്ചായത്തിന്‍െറ അധീനതയിലുള്ളതിനാല്‍ പഞ്ചായത്താണ് ഇതിന്‍െറ പണി നടത്തേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ വെള്ളിയാഴ്ച തന്നെ വൈദ്യുതി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന$സ്ഥാപിച്ചതിനെ യോഗം അഭിനന്ദിച്ചു. ആരോഗ്യവകുപ്പധികൃതരും യോഗത്തില്‍ പങ്കെടുത്തു. കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശത്തിന്‍െറ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജലവിഭവ വകുപ്പധികൃതര്‍ എത്താതിരുന്നത് യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ച മൂന്ന് കുടുംബങ്ങളും ഊരുവാസികളും മാറിതാമസിക്കാന്‍ തയാറല്ളെന്ന് അറിയിച്ചു. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് കുടുംബങ്ങളോടും തല്‍ക്കാലം അഹാഡ്സ് കമ്യൂണിറ്റി ഹാളില്‍ കഴിയാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ചിറ്റൂര്‍, പല്ലിയറ ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകളടക്കം 24 കോടി രൂപയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടും നാളിതുവരെയായി തീരുമാനമായിട്ടില്ളെന്ന് കലക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനോ, മണ്ണുമാറ്റലടക്കം ചെലവായ തുകകള്‍ നല്‍കാനോ, പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാനോ കഴിഞ്ഞിട്ടില്ളെന്ന് ബ്ളോക്ക് വൈസ് പ്രസിഡന്‍റ് പി. ശിവശങ്കരന്‍ കലക്ടറെ അറിയിച്ചു. തഹസില്‍ദാര്‍ വി. വിഭൂഷണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസ്, അഗളി സി.ഐ കെ.എം. ദേവസ്യ, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്തംഗം സി. രാധാകൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.