ഷൊര്‍ണൂര്‍: പൊതു നിരത്തുകള്‍ക്കരികെയുള്ള ജല അതോറിറ്റിയുടെ ‘ജലക്കുഴികള്‍’ ജനങ്ങളില്‍ സംസാര വിഷയമാകുന്നു. പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയില്‍ നിറയെ വെള്ളമുള്ളപ്പോഴും ഷൊര്‍ണൂരിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ജല അതോറിറ്റി അധികൃതര്‍ പൊതു നിരത്തുകള്‍ക്കരികെ ക്രമാതീതമായി വെള്ളം പാഴാക്കുന്നതാണ് സംസാര വിഷയമായിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഷൊര്‍ണൂരില്‍ നിത്യസംഭവമാണ്. അതിനാല്‍ ഇത് സംസാര വിഷയമാകാറുമില്ല. എന്നാല്‍, പൈപ്പ് പൊട്ടിയ ഭാഗത്ത് നന്നാക്കുന്നതിനായി കുഴിക്കുന്ന കുഴികളില്‍ പൊട്ടിയത് നന്നാക്കിയാലും വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്നതും നിത്യസംഭവമാകുകയാണ്. ജല അതോറിറ്റി പമ്പിങ് ആരംഭിച്ചാല്‍ ഇത്തരത്തില്‍ പൈപ്പ് നന്നാക്കാന്‍ കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറയും. ജനപ്രതിനിധികളും മറ്റും ഈ വിഷയം അധികൃതരെ പലപ്പോഴും അറിയിക്കുന്നുണ്ടെങ്കിലും കാര്യമായ ഒരു പരിഹാരവും ഇതേവരെ ഉണ്ടായിട്ടില്ല. ഷൊര്‍ണൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍െറ മുകളിലൂടെയുള്ള പ്രധാന പൈപ്പ് ലൈനിലെ വാള്‍വില്‍ ചോര്‍ച്ചയുണ്ടായിട്ട് വര്‍ഷത്തിലേറെയായി. ഇതിലൂടെ വാഹനങ്ങളില്‍ പോകുന്നവരുടെ കൂടി ദേഹത്ത് വെള്ളം ചീറ്റുന്ന നിലയിലാണ് ചോര്‍ച്ച. എന്നിട്ടും അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. വേനല്‍ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഷൊര്‍ണൂരില്‍ കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാനായില്ളെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.