ഓര്‍മകള്‍ ഇപ്പോഴും തുടികൊട്ടി പാടുന്നു

ഷൊര്‍ണൂര്‍: വള്ളുവനാട്ടുകാര്‍ക്ക് ഓണചിന്തകള്‍ക്കൊപ്പം മറക്കാനാവാത്ത ഒന്നാണ് പാണനാരുടെ തുടിയും പാട്ടും. ചൂതുകളിയില്‍ തോല്‍പ്പിക്കാനായി പരമശിവനെ പാര്‍വതിദേവി മയക്കികിടത്തിയെന്നും മയക്കത്തില്‍ നിന്നുണരാതിരുന്ന ശിവനെ ഉണര്‍ത്താന്‍ തിരുവരംഗത്തെ പാണനെ വരുത്തിയെന്നുമാണ് ഐതിഹ്യം. പാണനാര്‍ ദൗത്യം നിര്‍വഹിക്കുകയും ചെയ്തു. ഇതില്‍ സന്തുഷ്ടനായ ഭഗവാന്‍ ഉത്രാട രാവുമുതല്‍ തിരുവോണം പുലര്‍ച്ചെവരെ തന്‍െറ സ്തുതികള്‍ പാടാന്‍ പാണനാര്‍ക്ക് അനുഗ്രഹം നല്‍കി സമ്മാനിതനാക്കി മടക്കുകയായിരുന്നുവത്രെ. ഏതാനും വര്‍ഷം മുമ്പുവരെ പാണന്‍െറ പാട്ടുകളുടെ അകമ്പടിയോടെയാണ് ഓണനാളില്‍ വീട്ടുമുറ്റങ്ങളില്‍ ‘മാതേര്’ വെച്ചിരുന്നത്. മൂലം ദിവസം മൂന്നും പൂരാടം ദിവസം അഞ്ചും ഉത്രാട ദിവസം ഒമ്പതും മാതേരുകള്‍ വെക്കും. ഒമ്പത് മാതേരുകളില്‍ എട്ടെണ്ണം അഷ്ടദിക്ക് പാലകന്‍കാരുടെയും ഒരെണ്ണം ഭഗവാന്‍ പരമശിവന്‍െറ സങ്കല്‍പത്തിലുമാണ് വെക്കുക. അടുത്തുതന്നെ ഒരുപീഠത്തില്‍ മഹാബലിയെയും വെക്കും. ഒരു പതിറ്റാണ്ട് മുമ്പുവരെ പാണന്‍െറ പാട്ടുകള്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഓണവെയിലിനൊപ്പം നിറഞ്ഞുനിന്നിരുന്നു. തിരുവോണ പുലര്‍ച്ചെ പാണന്‍െറയും കുടുംബത്തിന്‍െറയും വരവും പാട്ടും ഓരോ വീട്ടുകാരും മനംനിറഞ്ഞ് ആസ്വദിച്ചിരുന്നു. വാടാനാംകുറുശ്ശി അമ്പലപ്പറമ്പ് അയ്യപ്പന്‍, ഭാര്യ ജാനകി, മണ്ണേമ്പത്തൂര്‍ പാറുക്കുട്ടി എന്നിവര്‍ക്ക് പാട്ടുകള്‍ ഇന്നും ഹൃദ്യസ്ഥമാണ്. എന്നാല്‍, ആരുംതന്നെ തുടികൊട്ടി പാടാന്‍ പോകാറില്ല. പഴയ തലമുറയിലുള്ളവര്‍ക്ക് ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം കാതില്‍ മുഴങ്ങുക ഒരു ചന്ദനമെതിയടി നാദവും ഒപ്പം പാണനാരുടെ പാട്ടുകളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.